മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ: അപകട ഭീഷണിയിൽ വിനോദ സഞ്ചാരികൾ
ശ്രീകണ്ഠാപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ സജിവമായ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ഭീഷണി ശക്തമാകുന്നു. കഴിഞ്ഞ രണ്ടു വർഷമായി ആൾ പെരുമാറ്റമില്ലാതെ കിടന്നിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വനാതിർത്തി കടന്നു വരുന്ന മൃഗങ്ങൾ തമ്പടിക്കുകയാണ്. കണ്ണുർ -കാസർകോട് ജില്ലകളിലെ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇതു കാരണം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കാട്ടാന, കരടി, കടുവ, പോത്ത്, മുള്ളൻപന്നി എന്നിവയ്ക്ക് പുറമേ രാജവെമ്പാല, മുർഖൻ, പെരുമ്പാമ്പ് തുടങ്ങിയവയാണ് വിഹരിക്കുന്നത്.
കഴിഞ്ഞ ദിവസം പൈതൽമലയിൽ ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് വിനോദ സഞ്ചാരത്തിനെത്തിയവർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എട്ട് വിദ്യാർഥികളും വനംവകുപ്പ് ജീവനക്കാരനും അടുങ്ങുന്ന സംഘമാണ് ആനക്കൂട്ടത്തിന്റെ അഞ്ച് മീറ്ററോളം അടുത്ത് ചെന്നുപെട്ടത്. നടുവിൽ സ്വദേശികളായ ആറുപേരും പൊട്ടൻപ്ലാവ് സ്വദേശികളായ രണ്ടുപേരുമാണ് മലയിൽ എത്തിയത്.

ഓടിയടുത്ത ആനകൾ അഞ്ഞൂറ് മീറ്ററോളം ഇവരെ പിന്തുടർന്നു.കഴിഞ്ഞ ചൊവ്വാഴ്ച പകൽരണ്ടു മണിയോടെയായിരുന്നു സംഭവം പൈതൽ.മലയിൽ ആനകൾ തമ്പടിച്ചവിവരം അറിയാമായിരുന്ന വനംവകുപ്പ് ജീവനക്കാരൻ ആന്റണി മേനോൻ പറമ്പിലിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. മലയിൽനിന്ന് എതിർ ഭാഗത്തു കൂടെ അഞ്ചു കിലോമീറ്റർ വനത്തിലൂടെ ഓടി മൂന്നാം കൂപ്പ് വഴിയാണ് ഇവർ വെളിയിലെത്തിയത്.
മാസങ്ങളായി ആനകൾ മലയിൽ തങ്ങുകയാണെന്നാണ് വനം വകുപ്പ് ജീവനക്കാർ പറയുന്നത്. രണ്ട് കുഞ്ഞുങ്ങളുൾപ്പെടുന്ന അഞ്ച് ആനകളാണ് ഉണ്ടായിരുന്നത്. മറ്റൊരാനക്കൂട്ടം മുന്നൂർ കൊച്ചി ഭാഗത്തും ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവിടെ കൃഷിയിടങ്ങളിലും മറ്റുമായി കഴിയുകയാണിവ.
ആനകളെത്തിയെങ്കിൽ എടുക്കേണ്ട മുൻകരുതൽ നേരത്തേ പറഞ്ഞുകൊടുത്തിരുന്നതിനാൽ കുത്തനെയുള്ള ഇറക്കത്തിലൂടെ ഇറങ്ങിയോടുകയായിരുന്നു ഇവർ. രാവിലെ 11 മണിക്ക് മലയിലെത്തിയ വിദ്യാർത്ഥികൾ മൂന്ന് മണിക്കൂറോളം അവിടെ തങ്ങി തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് ആനകളുടെ തൊട്ടുമുന്നിൽ ചെന്നുപെട്ടത്.
കുഞ്ഞുങ്ങൾ കൂടെയുള്ളതിനാലാണ് കാട്ടാനകൾ അക്രമസ്വഭാവം കാട്ടിയതെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം..നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വനത്തിലേക്ക് പ്രവേശനം അനുവദിച്ചത്. തിങ്കളാഴ്ച ആറു പേരാണ് ആകെയെത്തിയത്.
മൺസൂൺ കാലത്ത് പൈതൽമലയിലെത്തുന്ന ആനക്കൂട്ടം ഓഗസ്റ്റ് ഒടുവിൽ മാത്രമേ കർണാടക വനത്തിലേക്ക് തിരികെ പോകാറുള്ളൂ. രണ്ടു വർഷമായി കോവിഡ് നിയന്ത്രണത്തെ തുടർന്ന് പൈതൽവനവും പുൽമേടും മനുഷ്യസാന്നിധ്യമില്ലാതെ കഴിയുകയാണ്. അതുമൂലം വന്യജീവികൾ സ്വതന്ത്രമായി ഇറങ്ങി നടക്കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. കാട്ടുനായ, കടുവ തുടങ്ങിയ ജീവികളെയും വനത്തിൽ നേരത്തേ കണ്ടിരുന്നു. ആനകൾ മല വിട്ട് പോകുന്നതുവരെ സന്ദർശനം നിയന്ത്രിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇതിനിടെറാണിപുരം ഇക്കോ ടൂറിസം കേന്ദ്രംതുറന്നതോടെ സഞ്ചാരികൾ ട്രക്കിംങ്ങ് തുടങ്ങിയിട്ടുണ്ട്.ആദ്യ ദിവസം നൂറോളം പേരാണ് റാണിപുരത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കാൻ പുൽമേട്ടിലെത്തിയത്.
കോവിഡിനെ തുടർന്ന് കഴിഞ്ഞ മെയ് ആറു മുതൽ കേന്ദ്രം അടച്ചിടുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സന്ദർശകരെ വനത്തിലേക്ക് കടത്തിവിടുന്നത്. റാണിപുരത്തെ കാറ്റും മഴയും കോടമഞ്ഞും പ്രകൃതിയുമാസ്വദിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തിചേരുമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ പ്രതീക്ഷ' സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പ്രഭാകരൻ, വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ , സെക്രട്ടറി ആർ.കെ.രാഹുൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടി.എം. സിനി തുടങ്ങിയവർ പുൽമേടു സന്ദർശിക്കുകയും റാണിപുരം വന സംരക്ഷണ സമിതി നിർവ്വാഹക സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. രാവിലെ എട്ടുമണി മുതൽ വൈകിട്ട് മൂന്ന്മണി വരെയായിരിക്കും ട്രെക്കിംങ്ങ് സമയം.












Click it and Unblock the Notifications