ആരാധകരെ ശാന്തരാകുവിൻ... കണ്ണൂരിൽ ആവേശ ഫുട്‌ബോള്‍ റാലി
വായു നിറച്ച തുകൽ പന്തുപോലെ മനസിൽ ആവേശം നിറച്ച ആരാധകർ, വാനിലേക്ക് ഉയർന്ന് പറക്കുന്ന പതാകകൾ, പിന്നെ സ്വന്തം ടീമിനായുള്ള നിലക്കാത്ത മുദ്രാവാക്യം. ലോകകപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ, യുവജനക്ഷേമ ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലി ആവേശവും ആഘോഷവുമായി. നാസിക് ബാന്റിന്റെ അകമ്പടിയോടെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നിന്നായിരുന്നു തുടക്കം.
ബ്രസീൽ, അർജന്റീന തുടങ്ങി ലോകകപ്പിൽ മത്സരിക്കുന്ന മുഴുവൻ ടീമുകളുടെയും പതാകയുമായി നിരവധി ആരാധകർ അണിനിരന്നു. ഒപ്പം വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞ യുവ നിരയും. ആവേശം കൂടിയതോടെ പിന്നെ ടീമുകൾക്കായുള്ള മുദ്രാവാക്യം വിളികളായി. കാൽപന്തു കളിയുടെ ആവേശം കൂടുതൽ ഉയരത്തിൽ എത്തിച്ചാണ് റാലി കാൽടെക്സ് വഴി നഗരം ചുറ്റി ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ബോഡി ബിൽഡർ ഷിനു ചൊവ്വ, യുവജനക്ഷേമ ബോർഡ് യൂത്ത് ഓഫീസർ കെ പ്രസീത, ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി പി പവിത്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗം പി പി ബിനീഷ്, കെ വി ഷാജു, സ്പോർട്സ് സ്‌കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications