കൊറോണ വൈറസ്: സോഷ്യൽ മീഡിയയിലെ വ്യാജന്മാരെ പൂട്ടാൻ യതീഷ് ചന്ദ്ര, സ്ക്രീന്‍ഷോട്ടുകള്‍ തെളിവെന്ന്
കണ്ണൂർ: കേരളത്തില്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാജവാർത്തകൾ ചമച്ച് ജനങ്ങളിൽ ഭീതി പരത്തുന്നവർക്കെതിരെ കർശന നടപടിയുമായി കണ്ണൂർ പൊലീസ് മേധാവി യതീഷ് ചന്ദ്ര. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി തുടങ്ങിയത്. കൊറോണയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കൂടി വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ സൈബർ കുറ്റകൃത്യ നിയമ പ്രകാരം കേസെടുക്കുമെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ എസ് പി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം നേരത്തെ പരിയാരം പോലീസ് സ്റ്റേഷനിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾ കണ്ടു പിടിക്കുന്നതിനായി ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ വ്യാജ ഓഡിയോ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയുന്നതിന് സൈബർ ഡോമിന്റെ സഹായം തേടും.

പൊതുജനങ്ങൾ ഇത്തരം വ്യാജ പ്രചരണങ്ങൾ യാതൊരു കാരണവശാലും മറ്റാരാൾക്ക് ഫോർവേഡ് ചെയ്യരുത്. ഫോർവേഡ് ചെയ്യുന്നതും. കുറ്റകരമായി കണക്കാക്കും. ഇത്തരം പ്രചാരണങ്ങളുടെ സ്ക്രീൻ ഷോട്ട് തെളിവായി സ്വീകരിക്കും കൊറോണ സംബന്ധിച്ച എല്ലാ വാർത്തകളും ഔദ്യോഗിക മാർഗത്തിൽ കൂടി മാത്രം മനസിലാക്കണമെന്നാണ് പോലീസിന്റെ നിർദേശം. പ്രധാന അറിയിപ്പുകൾ ഔദ്യോഗിക മാധ്യമങ്ങളിൽ കൂടിയും അംഗീകൃത ദ്യശ്യ,ശ്രവ്യ,അച്ചടി മാധ്യമങളിൽ കൂടി അറിയിക്കുന്നതായിരിക്കുമെന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രഅറിയിച്ചു.












Click it and Unblock the Notifications