മറുനാടൻ തൊഴിലാളികളെ കൊള്ളയടിച്ച് ആർഭാട ജീവിതം: കണ്ണൂരിൽ യുവാക്കളെ പിടികൂടി
കണ്ണൂർ: തളിപ്പറമ്പിൽ മറുനാടൻ തൊഴിലാളികളെ കൊള്ളയടിക്കുന്ന യുവാക്കളുടെ സംഘത്തെ പോലീസ് പിടികൂടി. ബംഗാളി തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന നാലംഗസംഘമാണ് തളിപ്പറമ്പിൽ അറസ്റ്റിലായത്. ചേപ്പറമ്പിലെ ആല വളപ്പിൽ അശ്വന്ത് (22), പറശിനിക്കടവ് തലുവിലെ ബിനോയ് (22), പൂമംഗലത്തെ മഠത്തും പൊയിൽ ജിനേഷ് (22), കുറുമാത്തൂരിലെ വൈഷ്ണവ് (22) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സംസ്ഥാനമാകെ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് ഇവർ കവർച്ച നടത്തിയത്. ക്വാർട്ടേഴ്സുകൾ വീടുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് താമസിക്കുന്ന ബംഗാൾ, ബിഹാർ, ഒഡിഷ, ആസാം, കർണാടക, തമിഴ്നാട് എന്നിവടങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലാണ് ഇവർ കവർച്ച നടത്തി വന്നിരുന്നത്. മൊബൈൽ ഫോണുകളും ബൈക്കും ഉൾപ്പെടെ ഇരുപതിലേറെ കവർച്ചകൾ ഇവരുടെ നേതൃത്വത്തിൽ നടത്തിയതായി പോലീസ് പറഞ്ഞു. ഇതുകൂടാതെ നിർമാണം നടക്കുന്ന വീടുകളിൽ നിന്നും നിർമാണസാമഗ്രഹികൾ ഇവർ കവർച്ച നടത്തുന്നതും പതിവാണ്.

മോഷണം നടത്തി അടിപൊളി ജീവിതം നയിച്ചു വരികയായിരുന്നു യുവാക്കൾ. തൃശൂർ, ധർമ്മശാല, പറശിനിക്കടവ് എന്നിവിടങ്ങളിൽ നിന്നാണ് മോഷണസംഘത്തെപിടികൂടിയത്. എ എസ് ഐമാരായ ടോമി, ചന്ദ്രൻ, എ ജി അബ്ദുൾറൗഫ്, സീനിയർ സി പി ഒ സ്നേഹേഷ്, ബിനേഷ് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. പ്രതികളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications