മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും
കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇന്ന് രാവിലെ ഒന്‍പതരയോടെ മുഖ്യമന്ത്രി താമസിച്ച പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുധീപ് ജയിംസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, നേതാക്കളായ പ്രനില്‍ മതുക്കോത്ത് വിനീഷ് ചുള്ളിയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘമായെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും റോഡില്‍ കിടന്നും പ്രതിഷേധിക്കുകയായിരുന്നു.
ഗസ്റ്റ് ഹൗസിന്റെ പ്രവേശന കവാടം പൊലീസ് നേരത്തെ ബാരിക്കേഡുയര്‍ത്തി തടഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.
പൊലീസ് വാഹനത്തില്‍ നിന്നും പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. മുഖ്യമന്ത്രി തളിപ്പറമ്പ് കിലയിലെ പരിപാടിക്ക് കാറില്‍ ഇറങ്ങുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇതു തടസമായില്ല.
ഗസ്റ്റ് ഹൗസ് ഗേറ്റിന് സമീപമുള്ള റോഡില്‍ നിന്നും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ഒറ്റയ്ക്ക് നിന്ന് മുദ്രാവാക്യം വിളികളോടെ കരിങ്കൊടി കാണിച്ച കെ.എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫര്ഹാന് മുണ്ടേരിയെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്. ഇളങ്കോയുടെ സാന്നിദ്ധ്യത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍
കമ്മിഷണര്‍ തന്റെ വാഹനത്തില്‍ കയറ്റി ഫര്‍ഹാനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഫര്‍ഹാനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപെട്ട് മുന്‍ ഡി.സി സി അധ്യക്ഷന്‍ സതീശന് പാച്ചേനി സ്റ്റേഷനിലെത്തിയതിനെ തുടര്‍ന്ന് പൊലിസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ ഗസ്റ്റ് ഹൗസ് റോഡില്‍ നിന്നും കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെയും പൊലിസ് അറസ്റ്റു ചെയ്തു നീക്കി.
മനോജ് പൊയിലൂര്‍, അര്ജുന് മാവിലക്കണ്ടി, കെ. അര്ജ്ജുന് തുടങ്ങിയവരെയാണ് കണ്ണൂര്‍ സിറ്റി പൊലിസ് അറസ്റ്റു ചെയ്തു നീക്കിയത്. തളാപ്പ് റോഡില്‍ വെച്ചു മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി കാട്ടി. കരിനം കിലാ ക്യാംപസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ലാത്തിചാര്‍ജ് നടത്തി.
ക്യാംപസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ തളാപ്പില്‍ വെച്ചു കരിങ്കൊടി കാണിച്ച മഹിളാ മോര്‍ച്ച നേതാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്. കറുത്ത വസ്ത്രമണിഞ്ഞ് കറുത്ത കൊടിയുയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിച്ചത്.