നവകേരളസദസ് വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്: തടഞ്ഞ് പൊലീസ്
കണ്ണൂര്‍: നവകേരളസദസിനെതിരെയുളള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന്കണ്ണൂര്‍ നഗരം മണിക്കൂറുകളോളം യുദ്ധക്കളമായി മാറി. പഴയങ്ങാടി എരിപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ചു യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മൈതാനിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ഡിസിസി ഓഫീസില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് അന്‍പതുമീറ്റര്‍ അകലെ പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ബലപ്രയോഗവും നടന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് ഉന്തുംതളളുമുണ്ടായത്. നേതാക്കള്‍ ഇടപെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കണക്കിലെടുത്ത് ജലപീരങ്കിയുള്‍പ്പെടെ പൂര്‍ണസജ്ജരായിരുന്നു പൊലിസ്. കസ്റ്റഡിയിലെടുത്തവരെ പൊലിസ് വാഹനത്തിലേക്ക് മാറ്റുന്നതിനിടെയും ബലപ്രയോഗമുണ്ടായി.
എസി പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ വന്‍പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. കെപിസിസി അംഗം മുഹമ്മദ് ബ്‌ളാത്തൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കമല്‍ജിത്ത്, വി രാഹുല്‍, വിപി അബ്ദുല്‍ റഷീദ്, ജോഷി കണ്ടത്തില്‍, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതാപ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലിസ് റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. അഴീക്കോട് മണ്ഡലം നവകേരള സദസിന്റെ വേദിക്കു പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയെത്തുന്നതിന് തൊട്ടുമുന്‍പെയാണ് പ്രതിഷേധം നടന്നത്. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. സംസ്ഥാന സെക്രട്ടറിമാരായ റോബര്‍ട്ട് വെള്ളാപ്പള്ളി, മുഹ്‌സിന്‍ കാതിയോട്, സുധീപ് ജെയിംസ്, കെ കമല്‍ ജിത്ത്, മുഹമ്മദ് ഷമ്മാസ്, അതുല്‍ വി കെ, ലിഷ വി വി,അശ്വിന്‍ സുധാകര്‍,മിഥുന്‍ മാറോളി,വിജിത്ത് നീലാഞ്ചേരി, നിധീഷ് ചാലാട്, പ്രണവ് ടി പി, ഐബിന്‍ ജേക്കബ്, ജീന എ, ശ്രുതി റിജേഷ്, സുബീഷ്, പ്രിനില്‍ മധുക്കോത്ത്,
ബ്ലോക്ക് പ്രസിഡന്റ്‌റുമാരായ എം കെ വരുണ്‍, നികേത് നാറാത്ത്, നിധിന്‍ നടുവനാട്, പ്രിന്‍സ് പി ജോര്‍ജ്, നവനീത് നാരായണന്‍,അമല്‍ കുറ്റിയാറ്റൂര്‍, രാഹുല്‍ വി കെ, ജിതിന്‍ പി പി, ഷജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications