കണ്ണൂരിൽ ഇനി മുതൽ ഉരുളികൾ സേഫ്; 'മാന്യനായ' കള്ളൻ പിടിയിൽ
കണ്ണൂർ : കണ്ണൂരിലെ ജനങ്ങൾക്ക് ഉരുളി മോഷണം പോകുമെന്ന പേടി ഇനി വേണ്ട, ഉരുളിക്കള്ളൻ ഒടുവിൽ പൊലീസ് പിടിയിലായി. 22 കാരനായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. മാന്യമായ വസ്‌ത്രധാരണം നടത്തി മോഷണം നടത്തിക്കൊണ്ടിരുന്ന വി.കെ രോഹിത് പൊലീസ് പിടിയിലായി.
വാടകക്ക് സാധനങ്ങൾ കൊടുക്കുന്ന കടകളിൽ കയറി ഉരുളി വാങ്ങി മുങ്ങുക എന്നതായിരുന്നു യുവാവിന്റെ രീതി. ഇരിക്കൂറിലെ കോളോട്ടെ സ്വദേശിയാണ് യുവാവ്. പ്രതിയുടെ സഹായി കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീൻസും ഷർട്ടും വേഷം ധരിച്ച് കാറിലാണ് യുവാവ് ഓരോ കടകളിലും എത്തിയത്. അതുകൊണ്ട് തന്നെ കടയുടമകൾക്ക് സംശയം ഒന്നും തോന്നിയതുമില്ല.

കണ്ണൂരിലെ തളാപ്പ്, കണ്ണൂർ, താഴെ ചൊവ്വ എന്നീ സ്ഥലങ്ങളിലെ കടകളിൽ കയറിയാണ് പ്രതി ഉരുളികൾ മോഷ്‌ടിച്ചത്. കടകളിൽ കയറി ഉരുളികൾ വാടകക്ക് വാങ്ങുകയും തുടർന്ന് ഇയാൾ ഈ ഉരുളികൾ മറിച്ചുവിൽക്കുകയുമാണ് ചെയ്‌തിരുന്നത്. ലക്ഷങ്ങൾ വില വരുന്ന ഓട്ടുരുളികൾ ആണ് ഇത്തരത്തിൽ മോഷ്‌ടിച്ചത്.

മോഷ്‌ടിച്ച ഉരുളികൾ ഇയാൾ ശ്രീകണ്ഠാപുരം, കാട്ടമ്പള്ളി, ചക്കരക്കല്ല് മേഖലകളിലാണ് വിൽപന നടത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിൽപന നടത്തിയ എട്ട് ഓട്ടുരുളികളും കണ്ടെടുത്തിട്ടുണ്ട്.
അഞ്ച് ലക്ഷത്തോളം വിലയുള്ള ഉരുളികൾ ഒന്നരലക്ഷം രൂപക്കാണ് വിൽപന നടത്തിയത്. ഉരുളി വിറ്റുകിട്ടിയ പണവുമായി പ്രതിയും സഹായിയും പല സ്ഥലങ്ങളിലും കറങ്ങി നടക്കുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

തളാപ്പിലുള്ള ബിജുവിന്റെ കടയിൽ നിന്നാണ് ഇരുവരും ചേർന്ന് ആദ്യം മോഷണം നടത്തിയത്. ഒരാഴ്‌ചത്തേക്കായി കൊണ്ടുപോയ ഉരുളി മൂന്നാഴ്‌ചയായിട്ടും തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് താൻ കബളിക്കപ്പെട്ടുവെന്ന വിവരം ബിജു അറിയുന്നത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.












Click it and Unblock the Notifications