സൂപ്പര്‍മാര്‍ക്കറ്റില്‍ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ വിരുതന്‍ അറസ്റ്റില്‍
കണ്ണൂര്‍: സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം ഓണ്‍ലൈന്‍ ട്രാന്‍സ്സാക്ഷന്‍ വഴി പണം കൈമാറിയെന്ന് സ്‌ക്രീന്‍ ഷോട്ട് കാണിച്ച് സാധനങ്ങളുമായി മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താഴെചൊവ്വയിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് ചിറക്കല്‍ പള്ളിക്കുളത്തെ പി.സഞ്ജയ് (26) യുടെ പരാതിയില്‍ അരോളി സ്വദേശി ഇജി അഭിലാഷിനെ (23) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം 3.30 ന് ആണ് പരാതിക്കാസ്പദമായ സംഭവം. 44,657 രൂപയുടെ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്ത യുവാവ് നെഫ്റ്റ് ട്രാന്‍സാക്ഷന്‍ വഴി പണം കൈമാറിയതായി വിശ്വസിപ്പിച്ച് സ്‌ക്രീന്‍ ഷോട്ട് കാണിച്ച് സാധനങ്ങളുമായി പോകുകയായിരുന്നു. സാധനങ്ങളുമായി പോകുമ്പോള്‍ രണ്ട് മണിക്കൂറിനകം പണം അക്കൗണ്ടില്‍ വരുമെന്ന് അറിയിച്ചശേഷമായിരുന്നു സാധനങ്ങളുമായി മടങ്ങിയത്.

പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് അക്കൗണ്ടന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ സമാനമായ രീതിയില്‍ പലരെയും വഞ്ചിച്ചതായി ചോദ്യം ചെയ്യലില്‍ മനസിലായെന്ന് ടൗണ്‍ പൊലീസ് ഹൗസ് ഓഫീസര്‍ സിബിടോമിസ് പറഞ്ഞു. ബാങ്കിന്റെ ആപ്പില്‍ പെയ്മെന്റ് ഓപ്പ്ഷനില്‍ കയറിയാണ് ഇയാള്‍ തന്ത്രപൂര്‍വ്വം തട്ടിപ്പ് നടത്തിയത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി.
ഇതിനിടെ മറ്റൊരു സംഭവത്തില്‍ വാട്‌സ്ആപ്പ് വഴി ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പരാതിക്കാരന് 29,25,000 രൂപ നഷ്ടമായി. ഷെയര്‍ ട്രേഡിംങിലൂടെ കൂടുതല്‍ പണം സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് കൂടുതല്‍ ലാഭം നല്‍കാമെന്നാണ് വാഗ്ദാനം.
തുടക്കത്തില്‍ നല്‍കുന്ന പണത്തിനനുസരിച്ച് ലാഭംത്തോട് കൂടി പണം ലഭിക്കുമെങ്കിലും പിന്നീട് ട്രേഡിങ് ചെയ്യുന്നതിനായി കൂടുതല്‍ പണം ആവശ്യപ്പെട്ട് പലകാര്യങ്ങള്‍ പറഞ്ഞ് പണം തിരികെ നല്‍കാതെ തട്ടിപ്പിനിരയാകുന്നതാണ് ഇത്തരക്കാരുടെ രീതി. തുടക്കത്തില്‍ പണം തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതില്‍ വിശ്വസിക്കുന്നു. പിന്നീട് കൂടുതല്‍ പണം നഷ്ടമാകുന്നത്തോടെയാണ് പലര്‍ക്കും തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. സമാനമായ പരാതിയില്‍ മറ്റൊരു പരാതിക്കാരന് 20,900 രൂപയും നഷ്ടമായി.












Click it and Unblock the Notifications