'ജോസഫ് മാഷിന്റെ കൈ പോയ പോലെ സംഭവിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ?'; ഷംസീറിനോട് യുവമോര്‍ച്ച നേതാവ്
കണ്ണൂര്‍: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ ഭീഷണി പ്രസംഗവുമായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ്. ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചു എന്നാരോപിച്ച് എ എന്‍ ഷംസീറിന്റെ ഓഫീസിലേക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു ഗണേഷിന്റെ പ്രസംഗം. ഷംസീര്‍ സ്പീക്കറായ ശേഷം നിയമസഭാ ഓഫീസിനുള്ളില്‍നിന്ന് ഹൈന്ദവരൂപങ്ങളെല്ലാം നീക്കിയതായും ഗണേഷ് ആരോപിച്ചു
'നിയമസഭയുടെ അകത്ത് ഹിന്ദുവിശ്വാസ പ്രമാണപ്രകാരമുള്ള കൊത്തുപണികളും രൂപങ്ങളും ചിത്രങ്ങളും നിലവിളക്കുമെല്ലാമുണ്ടായിരുന്നു. ഇത്തരം ഹിന്ദു വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്ന ഒന്നും സഭയ്ക്കകത്തു വേണ്ടെന്ന് ഷംസീര്‍ സ്പീക്കറായി വന്ന സമയത്ത് പറഞ്ഞു,' ഗണേഷ് പറഞ്ഞു. എം ബി രാജേഷിനും ശ്രീരാമകൃഷ്ണനും ഇല്ലാത്ത എന്തു പ്രത്യേകതയാണ് ഷംസീറിനുള്ളത് എന്നും അദ്ദേഹം ചോദിച്ചു.

ഹിന്ദു മതവിശ്വാസങ്ങളെ എല്ലാ കാലത്തും ഇത്തരത്തില്‍ ധിക്കരിക്കരുത് എന്നും ജോസഫ് മാഷിന്റെ കൈ പോയ പോലെ ഷംസീറിന്റെ കൈ പോലില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ ഇതെന്നും ഗണേഷ് ചോദിച്ചു. എന്നാല്‍ എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളും എന്ന് ഷംസീര്‍ ഒരിക്കലും കരുതേണ്ടെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിന് മാപ്പ് പറയാനും ഗണേഷ്, ഷംസീറിനോട് ആവശ്യപ്പെട്ടു.
സ്പീക്കര്‍ സ്ഥാനം രാജിവെക്കണം എന്നും ഗണേഷ് പറഞ്ഞു. അല്ലാത്തപക്ഷം തെരുവില്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഗണേഷ് നല്‍കി. അതേസമയം യുവമോര്‍ച്ചയുടെ മാര്‍ച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. അതേസമയം ഷംസീറിനെതിരെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കാന്‍ വിശ്വ ഹിന്ദു പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്.
ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നുമാണ് വിഎച്ച്പിയുടെ പരാതി. ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കാനും പ്രതിഷേധ പരിപാടികള്‍ നടത്താനും ആലോചനയുണ്ട്. ജൂലൈ 21 ന് കുന്നത്തുനാട് മണ്ഡലത്തില്‍ നടന്ന ഒരു പരിപാടിയില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിനാധാരം.
ശാസ്ത്ര സാങ്കേതികരംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹിന്ദുപുരാണത്തിലെ മിത്തുകളാണു കുട്ടികളെ ഇപ്പോള്‍ പഠിപ്പിക്കാന്‍ നീക്കം നടത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ മുസ്ലീം മതത്തില്‍ സ്ത്രീകള്‍ക്ക് വലിയ സംരക്ഷണമാണ് ഉള്ളത് എന്നും ഖുര്‍ആന്‍ പ്രൊഗസീവ് കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത് എന്നും പറഞ്ഞുള്ള ഷംസീറിന്റെ പഴയ പരാമര്‍ശവും വൈറലായിരുന്നു.












Click it and Unblock the Notifications