നടിയെ ആക്രമിച്ച കേസ്: എംഎൽഎ കെബി ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറിയ്ക്ക് നോട്ടീസ്, തെളിവുകൾ ശക്തം!!
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആരോപണ വിധേയനോട് ഹാജരാകാൻ പോലീസ്. പത്തനാപുരം എംഎൽഎ കെബി ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനോടാണ് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ബേക്കൽ പോലീസ് നോട്ടീസ് അയച്ചിട്ടുള്ളത്. കേസിൽ ഇയാളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രദീപിനെ പ്രതിചേർത്തുകൊണ്ട് ഹൊസ്ദുർഗ്ഗ് കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്.

ഇല്ലാതാക്കുമെന്ന്
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായ മൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാൽ പോലീസിന് സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഫോണിലൂടെയും കത്തിലൂടെയുമാണ് പ്രദീപ് കുമാർ ഭീഷണി മുഴക്കിയതെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതിയാക്കി
വിപിൻ ലാലിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളെ പ്രതിചേർക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാർ വിപിൻ ലാലിന്റെ ബന്ധുവിന്റെ കാസർഗോട്ടുള്ള ജ്വല്ലറിയിലെത്തി ഇദ്ദേഹത്തെ കാണുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

പദ്ധതിയിട്ട് നീങ്ങി
വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയത് പ്രദീപ് കുമാർ തന്നെയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് പോലീസ് ഇയാളെ പ്രതി ചേർത്തിട്ടുള്ളത്. ഇതിനായി ലോഡ്ജിൽ നിന്നുള്ള തിരിച്ചറിയൽ രേഖകളും ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും ഗുഢാലോചന നടന്നിട്ടുണ്ടെന്നുമാണ് വിപിൻ ലാൽ ഉന്നയിക്കുന്ന ആരോപണം.

മാപ്പുസാക്ഷി
നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം പ്രതി ചേർത്ത വിപിൻ ലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. നടിയെ ആക്രമിച്ച സംഭവം നടക്കുമ്പോൾ വിപിൻലാൽ മറ്റൊരു കേസിൽ അകപ്പെട്ട് എറണാകുളത്ത് ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് കേസിലെ പ്രതിയായ സുനിയുമായി പരിചയപ്പെടുന്നത്. ജയിലിൽ കഴിയുന്നതിനെ പണം ആവശ്യപ്പെട്ട് സുനിയ്ക്ക് വേണ്ടി ദിലീപിന് കത്തെഴുതി നൽകിയത് വിപിൻ ലാൽ ആയിരുന്നു.

തെളിവ് നിർണ്ണായകം
വിപിൻ ലാലിനെ കാണാൻ കാസർഗോഡ് ജില്ലയിലെ ബേക്കലിലെത്തിയ പ്രദീപ് കുമാർ വിപിൻ ലാലിനെ കാണാൻ കഴിയാതിരുന്നതോടെ അമ്മാവന്റെ ജോലിനോക്കുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തുകയായിരുന്നു. ജ്വല്ലറിയിലെത്തിയ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദീപിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. സമ്മർദ്ദം ശക്തമായതോടെ സെപ്തംബർ 26നാണ് ബേക്കൽ പോലീസിനെ സമീപിച്ച് പരാതി നൽകിയിട്ടുള്ളത്.