പ്രസംഗിച്ച് തീരും മുൻപ് അനൗൺസ്മെന്റ്; ക്ഷോഭിച്ച് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി
കാസർഗോഡ്: പ്രസംഗം തീരും അനൗൺസ്മെന്റ് നടത്തിയതിൽ ക്ഷോഭിച്ച് പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്നും ഇറങ്ങിപ്പോയത്. കാസർഗോഡ് ബേഡഡുക്ക സഹകരണ ബാങ്ക് ഉദ്ഘാടനത്തിനിടെയാണ് സംഭവം.
സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തതതായി മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു. തുടർന്നും സംസാരിക്കാൻ തുടങ്ങുന്നതിനിടയിൽ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് അനൗൺസ്മെന്റ് നടത്തുന്നയാൾ പറയുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 'ഞാൻ സംസാരിച്ച് കഴിഞ്ഞില്ല, ചെവി കേട്ടുകൂടെന്നാണ് തോന്നുന്നത്. ഇതൊന്നും മര്യാദയല്ല', എന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.

അതേസമയം പ്രസംഗത്തിൽ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു. മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ ശ്രമിക്കുന്നു. ചില പുഴുക്കുത്തുകൾ ചിലയിടങ്ങളിൽ ഉണ്ടാവാം. അഴിമതി മാർഗം സ്വീകരിച്ചവർക്കെതിരെ കർശന നടപടിയാണ് സർക്കാർ എടുത്തത്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്', എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.












Click it and Unblock the Notifications