കാസർഗോഡ് ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 കിലോ പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 40 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മധ്യവയസ്കൻ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി ജോസഫ് സെബാസ്റ്റ്യനെ (45)യാണ് എക്‌സൈസ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കുമ്പള റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ഇയാളെ പിടികൂടിയത്. മംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ കടത്തുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍.
ട്രെയിനില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ആര്‍പിഎഫിനെ വിവരം അറിയിച്ച് സംയുക്തമായാണ് പരിശോധന നടത്തിയത്. കുമ്പള എക്‌സസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാര്‍, ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ശശി, പ്രിവന്റീവ് ഓഫീസര്‍മാരായ എം പി സുധീന്ദ്രന്‍, പ്രജിത്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ബൈജു, ഡ്രൈവര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.













Click it and Unblock the Notifications