മോക്ക് പോളില്‍ ഇവിഎമ്മില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട്: പരാതിയുമായി യുഡിഎഫും എല്‍ഡിഎഫും
കാസർകോട്: തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവിഎമ്മില്‍ കൃത്രിമത്വം ആരോപിച്ച് കാസർകോട് മണ്ഡലത്തിലെ എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാർത്ഥികളുടെ ഏജന്റുമാർ. ബുധാനാഴ്ച നടന്ന മോക്ക് പോളിംഗിൽ കുറഞ്ഞത് നാല് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ബി ജെ പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് ഏജന്റുമാരുടെ ആരോപണം എന്നാണ് ഓണ്‍ മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ പിഴവുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയും സി പി എം നേതാവുമായ എം വി ബാലകൃഷ്ണൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നല്‍കി. തകരാറിലായ യന്ത്രങ്ങൾ മാറ്റണമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ ഏജൻ്റ് മുഹമ്മദ് നാസർ ചെർക്കളം അബ്ദുള്ള അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറോടും ആവശ്യപ്പെട്ടു.

ബിജെപിയുടെ എം എൽ അശ്വിനിയാണ് കാസർകോട് എൻഡിഎ സ്ഥാനാർത്ഥി. കാസർകോട് നിയമസഭാ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളിലേക്കുള്ള യന്ത്രങ്ങളില്‍ മോക്ക് പോളിങ് നടത്തുമ്പോള്‍ ബിജെപിയുടെ താമരയ്ക്ക് അധിക വോട്ട് ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയെന്നാണ് നാസർ ചെർക്കളം അവകാശപ്പെടുന്നത്. വോട്ടിംഗ് മെഷീനിലെ മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ച് കോൺഗ്രസിൻ്റെ കൈ ചിഹ്നം ചെറുതാണെന്നും ഇത് മാറ്റാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളിൽ നോട്ട ഉൾപ്പെടെ 10 ഓപ്ഷനുകളാണുള്ളത്. ആദ്യ റൗണ്ട് മോക്ക് പോളിൽ, 190 ഇവിഎമ്മുകളും 10 ഓപ്‌ഷനുകളിൽ ഓരോന്നിലും വോട്ട് ചെയ്ത് പരീക്ഷിച്ചു. ബിജെപിയുടെ താമരയായിരുന്നു ഇവിഎമ്മിലെ ആദ്യ ചിഹ്നം. ഒരേസമയം 20 യന്ത്രങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇവിഎമ്മുകളിലെ 10 ഓപ്ഷനുകളും ഓരോ തവണ അമർത്തിയപ്പോൾ വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപിഎടി) നാല് മെഷീനുകളിലായി ബിജെപിക്ക് രണ്ട് വോട്ടുകൾ നൽകുകയായിരുന്നു.
താമര ചിഹ്നം തെളിയാത്തപ്പോഴും അതേ നാല് തെറ്റായ വിവിപാറ്റ് യൂണിറ്റുകൾ ബി ജെ പിക്ക് ഒരു വോട്ട് നൽകിയെന്ന് നാസർ ചെർക്കളം പറഞ്ഞു. "ഞങ്ങൾ വിഷയം ഉന്നയിച്ചപ്പോൾ തെറ്റായ വോട്ടുകളുള്ള വിവിപാറ്റ് സ്ലിപ്പുകളിൽ 'എണ്ണാൻ പാടില്ല' എന്ന നിർദേശമുണ്ടെന്ന് അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു," ഉണ്ണിത്താൻ്റെ തിരഞ്ഞെടുപ്പ് ഏജൻ്റ് വ്യക്തമാക്കി. എന്നാൽ വോട്ടെണ്ണൽ സമയത്ത് തർക്കമുണ്ടായാൽ ബി.ജെ.പി.യുടെ ഏജൻ്റുമാർ ഈ തെറ്റായ വോട്ടുകൾ എണ്ണണമെന്ന് വാശിപിടിക്കും. അതിനാലാണ് ഈ മെഷീനുകൾ മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തവണയും ഇവിഎമ്മുകൾ പരീക്ഷിച്ചപ്പോൾ പിശകുകൾ തനിയെ അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നാലാമത്തെയോ അഞ്ചാമത്തെയോ ടെസ്റ്റിൽ പിഴവുകൾ വീണ്ടും പ്രത്യക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. സി പി എമ്മിൻ്റെ ചുറ്റിക, അരിവാൾ, നക്ഷത്ര ചിഹ്നം, കോൺഗ്രസിൻ്റെ കൈ ചിഹ്നം എന്നിവയ്‌ക്കോ മോക്ക് ട്രയൽ സമയത്ത് അധിക വോട്ട് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ താമരയ്‌ക്ക് മാത്രമാണ് അധിക വോട്ട് ലഭിച്ചതെന്ന് നാസർ ചെർക്കളം പറഞ്ഞു.












Click it and Unblock the Notifications