അടിച്ച് ഫിറ്റായി ഡ്രൈവര്‍ ബസോടിച്ചു; സ്‌റ്റോപുകളില്‍ നിര്‍ത്താതെ വളഞ്ഞും പുളഞ്ഞും... ജീവൻ മുറുകെ പിടിച്ച് യാത്രക്കാരും, സംഭവം കാഞ്ഞങ്ങാട്...
കാസര്‍കോട്: അടിച്ച് ഫിറ്റായി ബസോടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. പെരിയങ്ങാനം സ്വദേശി പി വിജയനെ(35)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ ദേശീയപാത ഐങ്ങോത്ത് വച്ചാണ് സംഭവം.
നീലേശ്വരത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടതായിരുന്നു സ്വകാര്യബസ്. നിറയെ നിരവധിയാത്രക്കരുമുണ്ടായിരുന്നു. മദ്യലഹരിയില്‍ ആടിയും പാടിയും ബസ് ഓടിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി. വളഞ്ഞും പുളഞ്ഞും ബസ് നീങ്ങിയതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ബഹളം വച്ചു. തുടര്‍ന്ന് ബസ് നിര്‍ത്താന്‍ യുവാവിനോട് യാത്രക്കാര്‍ ആവശ്യപ്പെട്ടു. ബസ് നിര്‍ത്തിയതോടെ പോലീസില്‍ വിവരമറിയിച്ചു.

പോലീസെത്തി മദ്യലഹരിയിലായിരുന്ന ഡ്രൈവറെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. യാത്രക്കാരെ മറ്റൊരു ബസില്‍ കാഞ്ഞങ്ങാട്ടേയ്ക്ക് കയറ്റിവിട്ടു. കഴിഞ്ഞ ദിവസം താന്‍ മൂക്കറ്റം മദ്യപിച്ചെന്നും ബസുടമയുടെ നിര്‍ബന്ധം കാരണമാണ് ഇന്ന് ബസോടിച്ചതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിനെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.












Click it and Unblock the Notifications