"മാപ്പിള സഖാക്കളെ" അവസാനിപ്പിക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നത്: കുറിപ്പുമായി പി ജയരാജന്
കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ തെരഞ്ഞെടുപ്പിൽ ലീഗ് കാലാകാലമായി ജയിച്ചിരുന്ന രണ്ട് വാർഡുകളിൽ എൽഡിഎഫ് ചരിത്ര വിജയം നേടിയതിന് പിന്നാലെ സിപിഎം വിരുദ്ധ ജ്വരം പിടിപെട്ട ഒരു വിഭാഗം ലീഗുകാരുടെ ശബ്ദസന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്. കമ്മ്യുണിസ്റ് പാർട്ടിയിൽ ചേർന്നാൽ നിസ്കരിക്കാൻ പോലും അനുവദിക്കില്ലെന്നാണ് അത്തരക്കാർ വിശ്വസിപ്പിച്ചിരുന്നത്. ഇങ്ങനെയെല്ലാം തെറ്റിദ്ധരിച്ച് സിപിഐഎം ആദർശാധിഷ്ഠിത പ്രസ്ഥാനമാണെന്ന് കരുതിയവർ പോലും പാർട്ടിയുമായി അടുക്കാൻ മടിച്ചിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം. അബ്ദുറഹ്മാന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പി ജയരാജന്റെ പ്രതികരണം

അബ്ദുറഹ്മാന്റെ ജീവനെടുത്തത്
കാഞ്ഞങ്ങാട് നഗരസഭാ തെരഞ്ഞെടുപ്പിൽ ലീഗ് കാലാകാലമായി ജയിച്ചിരുന്ന രണ്ട് വാർഡുകളിൽ എൽഡിഎഫ് ചരിത്ര വിജയം നേടിയതിനെ തുടർന്ന് അത്യന്തം പ്രകോപിതരായ ലീഗുകാരാണല്ലോ സ:അബ്ദുറഹ്മാന്റെ ജീവനെടുത്തത്. സിപിഎം വിരുദ്ധ ജ്വരം പിടിപെട്ട ഒരു വിഭാഗം ലീഗുകാരുടെ ശബ്ദസന്ദേശങ്ങളും ഈ ഘട്ടത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

"മാപ്പിള സഖാക്കളെ"
കൂട്ടത്തിലൊന്ന് ഒരു കെ എം സി സി നേതാവിന്റേതാണ്. മുസ്ലിം കൾച്ചറൽ സെന്റർ നേതാവ് "മാപ്പിള സഖാക്കളെ" അവസാനിപ്പിക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നത്."മാപ്പിള സഖാക്കളെന്ന" പ്രയോഗം എന്നെ നന്നേ ആകർഷിച്ചു. കാരണം മുസ്ലിം സമുദായത്തിൽ സിപിഐഎമ്മിന് സ്വാധീനക്കുറവുണ്ടായിരുന്നു. അതിന് കാരണം മതവിശ്വാസികൾക്ക് പാർട്ടിയുടെ ചെങ്കൊടി പിടിക്കാൻ ആവില്ലെന്ന ചില പണ്ഡിതന്മാരുടെ ആദ്യകാല പ്രചാരണമായിരുന്നു.

കമ്മ്യുണിസ്റ് പാർട്ടിയിൽ ചേർന്നാൽ
കമ്മ്യുണിസ്റ് പാർട്ടിയിൽ ചേർന്നാൽ നിസ്കരിക്കാൻ പോലും അനുവദിക്കില്ലെന്നാണ് അത്തരക്കാർ വിശ്വസിപ്പിച്ചിരുന്നത്.
ഇങ്ങനെയെല്ലാം തെറ്റിദ്ധരിച്ച് സിപിഐഎം ആദർശാധിഷ്ഠിത പ്രസ്ഥാനമാണെന്ന് കരുതിയവർ പോലും പാർട്ടിയുമായി അടുക്കാൻ മടിച്ചിരുന്നു. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ ആർഎസ്എസിന്റെ ഭീഷണിക്കെതിരെ ഉറച്ച നിലപാട് എടുത്തതിന്റെ അടിസ്ഥാനത്തിൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ കമ്മ്യുണിസ്റ്കാരോടുള്ള അകൽച്ചയുടെ മഞ്ഞുരുകാൻ തുടങ്ങി.

ലീഗിൽ നിന്നകറ്റി
ഇത് കേരളത്തിൽ ഉടനീളം കാണാൻ കഴിയും. ചിന്താശേഷിയുള്ള പുതിയ തലമുറ സിപിഐഎമ്മിന്റെ അണികളിലേക്ക് കൂടുതലായി വരാനാരംഭിച്ചു.
ചില മഹല്ല് കമ്മറ്റി ഭാരവാഹികൾ പോലും പുരോഗമന പ്രസ്ഥാനത്തോടൊപ്പം അണിനിരന്നവരായി.മാത്രവുമല്ല ചില ലീഗ് നേതാക്കൾ മഹല്ല് ഭാരവാഹികൾ എന്ന നിലയിൽ നടത്തിയ തട്ടിപ്പുകളും ,വഖഫ് സ്വത്തുക്കളുടെ തിരിമറിയും വിശ്വാസികളെ ലീഗിൽ നിന്നകറ്റി. ഇതാണ് കേരളത്തിൽ ഉടനീളം കാണാൻ കഴിയുന്ന മാറ്റം.

സമുദായത്തിലെ കുത്തക
ഈ മാറ്റമാണ് കാഞ്ഞങ്ങാട് നഗരസഭയിലും കാണാനായത്. ഇതാണ് ചില ലീഗുകാരെ കൊണ്ട് "മാപ്പിള സഖാക്കളേ" ഇല്ലാതാക്കണം എന്ന ആഹ്വാനം പുറപ്പെടുവിക്കുന്നതിലേക്ക് എത്തിച്ചത്. ലീഗുകാരോട് ഒരു കാര്യം പറയാം. സമുദായത്തിലെ കുത്തക അധികകാലം തുടരാൻ കഴിയില്ല. ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാലും നാനാ വിശ്വാസികളുടെ പ്രതീക്ഷാ കേന്ദ്രം സിപിഐഎമ്മും ഇടതുപക്ഷവുമായി മാറിയിരിക്കുന്നു എന്ന സത്യം ഇനിയെങ്കിലും ഉൾക്കൊള്ളുക. കൊലയും അക്രമവും കൊണ്ട് ഇതിനെ തടുത്തുനിർത്താൻ നിങ്ങൾക്കാവില്ല...