ഈ പാവത്തിനോട് എന്തിനീ ക്രൂരത ചെയ്തു: അബ്ദുള്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച് പികെ ശ്രീമതി
കാസര്‍ഗോട്: കാഞ്ഞങ്ങാട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുള്‍ റഹ്മാന്റെ വീട് സിപിഎം നേതാവും മുന്‍ മന്ത്രിയുമായി പികെ ശ്രീമതി സന്ദര്‍ശിച്ചു. കാഞ്ഞങാട് മാത്രമല്ല പല സ്ഥലത്തും ലീഗിനു കനത്ത തിരിച്ചടി ഉണ്ടായിട്ടുണ്ട്. ലീഗിന്റെ രാഷ്ട്രീയ വിരോധത്തിന്റെ വേദന തിന്നുന്ന ഇരയായി20 വയസ്സു മാത്രം പ്രായമുള്ള ഗർഭിണിയായ ഷാഹിനയെന്നും സന്ദര്‍ശത്തിന് പിന്നാലെ ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലീഗ് നേതാക്കളുടെ പരാജയം ലീഗിനു സഹിക്കാൻ പറ്റുന്നതായിരുന്നില്ല. കോൺഗ്രസിനു കാഞ്ഞങ്ങാട് ലഭിച്ച സീറ്റ് 43 ൽ 1 മാത്രവും. അതിന്റെ പ്രതികാരം തീർത്തത് എല്‍ഡിഎഫിന്റെ അഭിമാനകരമായ വിജയത്തിന്റെ ശിൽപി ആയിരുന്ന ഔഫ് അബ്ദുൾ റഹ്മാന്റെ ജീവൻ എടുത്തായിരുന്നെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.
പികെ ശ്രീമതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പ്രതികാരം കൊലപാതകത്തിലൂടെയൊ? മുസ്ലീം ലീഗിന്റെ കാടത്തം ഒരു പാവപ്പെട്ട കുടുംബത്തെക്കുടി അനാഥമാക്കി.
ദു:ഖം തളം കെട്ടിയ ആവീട്ടിലേക്ക് ഞങ്ങൾ എത്തി. വാടി തളർന്ന ഒരു തണ്ടു പോലെ കിടന്ന ഷാഹിന കരഞ്ഞു കലങ്ങിയ കണ്ണുകൾ മെല്ലെ ഉയ്ർത്തി ഞങ്ങളെ ഒന്നു നോക്കി. ഈ പാവത്തിനോട് എന്തിനീ ക്രൂരത ചെയ്തു എന്നു കണ്ണുകളിലൂടെ ചോദിക്കുമ്പോലെ. തോന്നി. ഒന്നും മിണ്ടാൻ വയ്യാതെ ഞങ്ങൾ കുറേ നേരം ഇരുന്നു.
ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ മനോരമ ചാനലിൽ ചർച്ച നടക്കുകയാണു. ഒരു ചോദ്യം എന്റെ ശ്രദ്ധയിലേക്കു വന്നു. ശ്രീ. അയ്യപ്പ പണിക്കർ മനോരമ ന്യൂസ് ചാനലിൽ . ചോദ്യം റഹീമിനോടായിരുന്നു " മുസ്ലീം ലീഗിനു ഒരു പരിക്കും ഈ തിരഞ്ഞെടുപ്പിൽ പറ്റിയില്ലാല്ലോ" എന്ന്. ഒരു പരിക്കും പറ്റിയില്ലേ ശ്രീ അയ്യപ്പ പണിക്കർ? മലപ്പുറം ജില്ലയിൽ പോലും ചില തദ്ദേശ സ്ഥാപനങ്ങളിൽ ലീഗിനു ജനപ്രതിനിധിയില്ല. നല്ല പരിക്കു പലസ്ഥലങ്ങളിലും ലീഗിനു പറ്റിയിട്ടുണ്ട്. കാഞ്ഞങാട് മാത്രമല്ല പല സ്ഥലത്തും ലീഗിനു കനത്ത തിരിച്ചടി ഉണ്ടായിട്ടുണ്ട്. ലീഗിന്റെ രാഷ്ട്രീയ വിരോധത്തിന്റെ വേദന തിന്നുന്ന ഇരയായി20 വയസ്സു മാത്രം പ്രായമുള്ള ഗർഭിണിയായ ഷാഹിന .
ആ പെൺകുട്ടിയുടെ ഭർത്താവ് സ. ഔഫ് നിഷ്ഠൂരമായി വധിക്കപ്പെട്ടത് അറിയപ്പെടുന്ന ലീഗുകാരാലാണു എന്നു അറിയാത്തവരാരെങ്കിലും ഉണ്ടോ? മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമായ കാഞ്ഞങ്ങാട് നഗരസഭയിലെ 33, 35 വാർഡുകളിൽ എല്‍ഡിഎഫിന്റെ സ്ഥാനാർത്ഥികളാണു ഉജ്ജ്വലമായ വിജയം കൈവരിച്ചത്. ലീഗ് നേതാക്കളുടെ പരാജയം ലീഗിനു സഹിക്കാൻ പറ്റുന്നതായിരുന്നില്ല. കോൺഗ്രസിനു കാഞ്ഞങ്ങാട് ലഭിച്ച സീറ്റ് 43 ൽ 1 മാത്രവും. അതിന്റെ പ്രതികാരം തീർത്തത് എല്‍ഡിഎഫിന്റെ അഭിമാനകരമായ വിജയത്തിന്റെ ശിൽപി ആയിരുന്ന ഔഫ് അബ്ദുൾ റഹ്മാന്റെ ജീവൻ എടുത്തായിരുന്നു.
വളരെ ദരിദ്രമായകുടുംബത്തിന്റെ അത്താണി. ബാപ്പയുടെ സരക്ഷണമില്ലാതെയാണു ആ ചെറുപ്പക്കാരൻ വളർന്നതു. മനസിനു സുഖമില്ലാത്ത ,എന്താണു സംഭവിച്ചത് എന്നത് പോലും മനസ്സിലാകാത്ത ഉമ്മ. പ്രായം ചെന്ന ഉമ്മുമ്മ. അനുജത്തി. ഗർഭിണിയായ ഭാര്യ. ഔഫ് എല്ലാവരുടേയും സഹായിയായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട ചെറുപ്പക്കാരൻ.
ഡിവൈഎഫ്ഐ യുടേയും പാർട്ടിയുടേയും ചുറു ചുറുക്കുള്ള പ്രവർത്തകനായി എന്ന ഒറ്റക്കാരണംകൊണ്ടാണു ലീഗുകാർ അത്യന്തംക്രൂരമായ ഈ അരും കൊലപാതകംനടത്തിയത്. ഔഫിന്റെ ഭാര്യ ഷാഹിനയോടൊപ്പം 33 , 35 വാർഡുകളിൽ ചരിത്ര വിജയം നേടിയ ഫൗസിയയും നജ്മയുമാണു ഫോട്ടോയിൽ വലതുവശത്തു ഇരിക്കുന്നത്. ഷാഹിനയോടൊപ്പം ഈ പ്രസ്ഥാനം ഉണ്ട്. ഈ നാടു മുഴുവനും ഉണ്ട്. സഖാവിന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ!