ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസ്; പ്രധാനാധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കാസർഗോഡ്: ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാന അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി.ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. കോട്ടമല സ്കൂളിലെ പ്രധാനാധ്യാപിക ഷേർളി ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. മുടി നീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് സ്കൂൾ അസംബ്ലിക്കിടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി ബലമായി മുറിച്ചെന്നാണ് പരാതി.
കഴിഞ്ഞ മാസം 19ന് കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിലാണ് സംഭവം നടന്നത്. നാണക്കേട് കാരണം കുട്ടി പിന്നീട് സ്കൂളിൽ പോകാൻ തയ്യാറായിരുന്നില്ലെന്ന് കുട്ടിയുടെ വീട്ടുകാർ പറഞ്ഞിരുന്നു. കുട്ടി ഒരാഴ്ചയോളം സ്കൂളിൽ വരാതിരുന്നിട്ടും ടീച്ചർ അന്വേഷിച്ച് പോലുമില്ലെന്നും പിന്നാലെയാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

പ്രധാനാധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അധ്യാപിക മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications