കാസര്‍കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ശേഖരത്തില്‍
കാസര്‍കോട്: വീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും വന്‍ സ്‌ഫോടക വസതു ശേഖരം പിടികൂടി. കാസര്‍കോട് കെട്ടുംകല്ലിലാണ് സംഭവം. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ സ്‌ഫോടക വസ്തുക്കളും ഇത്രയും വലിയ അളവില്‍ എങ്ങനെ മുസ്തഫയുടെ കൈവശമെത്തി എന്നതിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.
2150 ഡെറ്റണേറ്ററുകള്‍, 13 ബോക്‌സ് ജലാറ്റിന്‍ സ്റ്റിക്കുകള്‍, സ്‌പെഷ്യല്‍ ഓര്‍ഡിനറി ഡെറ്റണേറ്ററുകള്‍ അഥവാ എസ്ഒഡി എന്നിവയാണ് കണ്ടെത്തിയത്. കേരളത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കാറുണ്ടായിരുന്നുവെന്ന് സംശയമുണ്ട്. എന്നാല്‍ ഇത് കര്‍ണാടകയിലെ ക്വാറികള്‍ക്കാണ് നല്‍കുന്നതെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം.

അതേസമയം കര്‍ണാടകയില്‍ കൊടുക്കുന്നതാണെങ്കില്‍ ഇയാള്‍ എന്തിനാണ് സ്‌ഫോടക വസ്തുക്കള്‍ കാസര്‍കോടേക്ക് കൊണ്ടുവന്നതെന്ന കാര്യത്തില്‍ ഉത്തരം ലഭിച്ചിട്ടില്ല. വീട്ടിലും, കാറിലുമായിട്ടാണ് സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ച് വെച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ വാഹന പരിശോധന നടത്തിയപ്പോഴാണ് മുസ്തഫയുടെ കാറില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചത്.തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്.
13 പെട്ടികളിലാക്കിയിട്ടായിരുന്നു ഈ ഡെറ്റണേറ്ററുകള്‍ വെച്ചിരുന്നത്. സ്‌ഫോടക വസ്തുക്കള്‍ അടക്കം ആദൂര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരാണ് കേസ് അന്വേഷിക്കുന്നത്. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിയതെന്നാണ് പോലീസ് പറയുന്നത്.
പ്രതിയായ മുസ്തഫ അറസ്റ്റിലാവും മുമ്പ് ശുചിമുറിയില്‍ പോകണമെന്ന് പറയുകയും, തുടര്‍ന്ന് വാതില്‍ അടച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് വ്യക്തമാകുന്നത്. കൈഞരമ്പ് മുറിച്ചാണ് ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തിയത്. മുസ്തഫയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
മുസ്തഫ പറയുന്നത് പോലെയുള്ള ഒരു ക്വാറി പ്രവര്‍ത്തിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയതായി വാഹന പരിശോധന. അതിലാണ് മുസ്തഫ അറസ്റ്റിലായത്. സ്‌ഫോടക വസ്തുക്കള്‍ എറണാകുളത്തെ പോലീസ് ലാബിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി അയക്കുമെന്നും എസ്‌ഐ ബിജുലാല്‍ പറഞ്ഞു.












Click it and Unblock the Notifications