കാസർകോട് കോൺഗ്രസ്സുകാർ തമ്മിൽ അടിപിടി; ചെന്നിത്തല പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി
കാസർകോട്: കാസർകോട്ടെ പീലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പിലിക്കോട് പരിപാടിയിൽ പങ്കെടുക്കാനെത്തിയ രമേശ് ചെന്നിത്തല പരിപാടിയിൽ സംബന്ധിക്കാതെ മടങ്ങി. സംഘർഷത്തെ തുടർന്ന് പങ്കെടുക്കുന്നില്ലെന്ന് ചെന്നിത്തല അറിയിച്ചതോടെ പരിപാടിയും റദ്ദാക്കി. സംസ്കാര കാസർകോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് കോൺഗ്രസ് പ്രവർത്തകരുടെ സംഘർഷത്തിൽ കലാശിച്ചത്.

കാസർകോട് ജില്ലയിൽ ഉണ്ടായിരുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പീലിക്കോട് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. കെപിസിസി നേതൃത്വത്തിൻ്റെ അറിവോടെയാണോ പരിപാടി നടന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. സ്ഥലത്ത് സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ രമേശ് ചെന്നിത്തലയെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഫോണിൽ ബന്ധപ്പെട്ടു.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

തുടർന്ന് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന നിർദ്ദേശവും നൽകി. കാറിൽ സംഭവസ്ഥലത്തെത്തിയ ചെന്നിത്തല സംഘർഷത്തെത്തുടർന്ന് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. ഇതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. ജില്ലയിൽ വീണ്ടും പ്രതിഷേധം രൂക്ഷമാകുന്ന തരത്തിൽ
കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായതിനെയും മുതിർന്ന നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെയും നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

ഒരു വിഭാഗം നേതാക്കൾ പാർട്ടി പ്രവർത്തനങ്ങൾ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും ഗ്രൂപ്പ് കളിക്കുന്നുവെന്നാരോപിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്. മുൻ എംഎൽഎയും കോൺഗ്രസിൻ്റെ സമുന്നത നേതാവുമായ കെ വി കുഞ്ഞിക്കണ്ണനെയും മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെയും വാഹനം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു. ഇവരെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കിയ പ്രവർത്തകർ ഇവർ സഞ്ചരിച്ച കാറിന് നേരെയും ആക്രോശവുമായി രംഗത്തെത്തി. തുടർന്ന്, കൂടുതൽ പൊലീസുകാർ എത്തിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. പ്രതിഷേധത്തെ തുടർന്ന് ഹക്കീംകുന്നിലും കുഞ്ഞിക്കണ്ണനും സ്ഥലത്ത് നിന്ന് വേഗം മടങ്ങി.

അതേസമയം, പൊതുവേ പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്ത ശേഷം തർക്കങ്ങളും പ്രശ്നങ്ങളുമില്ലാതെ നേതാക്കളെയും പ്രവർത്തകരെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അതിനിടെയാണ് മുൻ പ്രതിപക്ഷനേതാവും കോൺഗ്രസിൻ്റെ എംഎൽഎയുമായ രമേശ് ചെന്നിത്തല പങ്കെടുക്കാനെത്തിയ പരിപാടിയിൽ പ്രത്യക്ഷമായ തമ്മിൽതല്ലുണ്ടായത്. ഇതേക്കുറിച്ച് കോൺഗ്രസ് നേതൃത്വം അന്വേഷിച്ചേക്കുമെന്നാണ് സൂചന. ജില്ലാ നേതൃത്വം ബന്ധപ്പെട്ടവരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. പരിപാടിയിൽ പങ്കെടുക്കാനെത്തിയ നേതാക്കളോട് മാന്യമായി പെരുമാറാതെ വാഹനം അടക്കം തടഞ്ഞ സംഭവവും നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications