വ്യാജ രേഖ കേസ്; 5 മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ പോലീസ്
കാസർകോഡ്: എസ് എഫ് ഐ മുൻ നേതാവ് എസ് വിദ്യ പ്രതിയായ വ്യാജ രേഖ കേസിൽ കുറ്റപത്രം സമർപ്പിക്കാതെ നീലേശ്വരം പോലീസ്. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്നുള്ള ചില രേഖകള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് പോലീസിന്‍റെ വിശദീകരണം. കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ജോലിക്കായി വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചുവെന്നാണ് കേസ്.
ഇക്കഴിഞ്ഞ ജൂൺ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ മലയാളം വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ അഭിമുഖത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. 2018 - 2021 കാലത്ത് മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കാണ് വിദ്യ തയ്യാറാക്കിയിരുന്നത്.

വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിലെ കോളേജിന്റെ ലോഗോ, സീല്‍ എന്നിവയെല്ലാം വ്യാജമാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിലേക്കായി ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തിയിട്ടില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. പിന്നാലെ വിദ്യക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി വിദ്യ ജോലി ചെയ്തതിരുന്നതായി പോലീസ് കണ്ടെത്തി.സംഭവത്തിൽ വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് വെച്ചായിരുന്നു അറസ്റ്റ്. തുടർന്ന് വ്യാജരേഖയുണ്ടാക്കല്‍ (468), യഥാര്‍ഥ രേഖയെന്ന മട്ടില്‍ അത് ഉപയോഗിക്കല്‍ (471) വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് വിദ്യയ്ക്കെതിരെ ചുമത്തിയത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടും പക്ഷേ ഇതുവരേയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അടപ്പാടി ആര്‍ജിഎം ഗവ. കോളേജില്‍ വിദ്യ ഹാജരാക്കിയ വ്യാജരേഖയുമായി ബന്ധപ്പെട്ട് അഗളി പോലീസ് സമര്‍പ്പിച്ച രേഖകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.കേസിൽ നിലവിൽ വിദ്യ മാത്രമാണ് പ്രതി. അതേസമയം താൻ വ്യാജരേഖ ചമച്ചിട്ടില്ലെന്നും അതിന്റെ ആവശ്യം തനിക്ക് ഇല്ലെന്നുമായിരുന്നു അറസ്റ്റിന് പിന്നാലെ വിദ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ്.












Click it and Unblock the Notifications