അരുണാചലിലെ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളിയും
കാസർഗോഡ്: അരുണാചലിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ കാസർഗോഡ് സ്വദേശിയും. ചെറുവത്തൂർ സ്വദേശി കെവി അശ്വിൻ (24) ആണ് മരിച്ചത്. അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ ഇന്ന് രാവിലെയോടെയായിരുന്നു കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് അപകടമുണ്ടായത്. നാല് സൈനികരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.

നാല് വർഷം മുൻപാണ് അശ്വിൻ സൈന്യത്തിൽ ചേർന്നത്. ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിലായിരുന്നു സേവനം. ഓണത്തിനായിരുന്നു അവസാനമായി നാട്ടിൽ വന്നത്. ചെറുവത്തൂർ കിഴക്കേമുറി കാട്ടുവളപ്പിൽ കിഴക്കേമുറിയിലെ എം കെ അശോകന്റെയും കെ വി കൗസല്യയുടെയും മകനാണ്.
അഞ്ച് പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അരുണാചല്‍ അപ്പര്‍ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിന് സമീപത്ത് വെച്ചായിരുന്നു അപകടത്തിൽ പെട്ടത്. എച്ച്എഎൽ രുദ്ര എന്ന കോപ്റ്ററായിരുന്നു തകർന്ന് വീണത്. രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഈ മാസം ഇത് രണ്ടാം തവണയാണ് ഹെലികോപ്റ്റർ തകർന്ന് അപകടം ഉണ്ടാകുന്നത്. നേരത്തേ തവാങ്ങിന് സമീപത്തായിരുന്നു അപകടം.












Click it and Unblock the Notifications