15കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: പ്രതിയെ ഇന്റര്‍പോളിന്റെ പിടിയിൽ!!
കാസർഗോഡ്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും പിന്നീട് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന കേസിലെ പ്രതിയെ അബുദാബിയില്‍ നിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ചെറുവത്തൂര്‍ മയ്യിച്ച മുണ്ട്യംപുരയില്‍ ശ്രീരാജാ(22)ണ് പിടിയിലായത്. 2016ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ശ്രീരാജ് ദലിത് വിഭാഗക്കാരിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായി അടുപ്പം സ്ഥാപിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി.
ഇതോടെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ഗര്‍ഭഛിദ്രം നടത്തി പ്രശ്‌നത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. 2017 ഫെബ്രുവരി 15 നു ശ്രീരാജിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തെങ്കിലും കേസെടുക്കുന്നതിനു മുമ്പ് തന്നെ പ്രതി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചന്തേര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് എസ്.എം.എസിന് കൈമാറി. ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി അബുദാബിയിലുള്ളതായി വിവരം ലഭിച്ചു. തുടര്‍ന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇന്റര്‍പോള്‍ പിടികൂടിയത്. ഈ വിവരമറിഞ്ഞ് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്, സിവില്‍ പോലീസ് ഓഫീസര്‍ ബിജേഷ് എന്നിവര്‍ കഴിഞ്ഞ ദിവസം അബുദാബിയിലെത്തി പ്രതിയെ ഏറ്റുവാങ്ങുകയായിരുന്നു.












Click it and Unblock the Notifications