പരീക്ഷ കഴിഞ്ഞ ഉടൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ ഉത്തര കടലാസ് കാണാതായി; തുമ്പില്ല

ചീമേനി: ചീമേനി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ ഉത്തര കടലാസ് കാണാതായ സംഭവം വിവാദത്തിൽ . കഴിഞ്ഞ ദിവസം പ്ലസ് വൺ മലയാളം പരീക്ഷ എഴുതിയ പോത്താകണ്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ ഉത്തര കടലാസാണ് കാണാതായത്.
പരീക്ഷ എഴുതിയ ഇരുപത് കുട്ടികളിൽ 19 ഉത്തര കടലാസ് മാത്രമാണ് പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകൻ പ്രിൻസിപ്പാൾ ഗിരിജയ്ക്ക് കൈമാറിയത്. പരീക്ഷ കൃത്യസമയത്ത് പൂർത്തിയാക്കി പേപ്പർ ഇൻവിജിലേറ്റർക്ക് നൽകിയിരുന്നുവെന്നാണ് വിദ്യാർത്ഥി പറയുന്നത്. ഉത്തര കടലാസ് എങ്ങനെ നഷ്ടപ്പെട്ടു എന്ന കാര്യം ഡ്യൂട്ടിക്ക് എത്തിയ അധ്യാപകനും അറിയില്ല. വിദ്യാർത്ഥിയുടെ ഉത്തര കടലാസ് മറ്റാരെങ്കിലും അടിച്ചു മാറ്റിയത് ആണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്..
ചില അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് പുതിയ പ്രിൻസിപ്പാളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന അട്ടിമറിയാണെന്ന്
ആരോപണവും ഉണ്ട്. അതേസമയം പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകനിൽ നിന്ന് പ്രിൻസിപ്പാൾ ഗിരിജ കൃത്യമായ റിപ്പോർട്ട് എഴുതി വാങ്ങിയിരുന്നു. തന്റെ കൈയിൽ നിന്നാണ് ഉത്തര കടലാസ് നഷ്ടപ്പെട്ടതെന്ന് റിപ്പോർട്ടിൽ ഉണ്ടെന്ന് പറയുന്നു. ഈ റിപ്പോർട്ട് സഹിതം ചീമേനി പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രിൻസിപ്പാൾ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട് എന്നാണ് എസ് .ഐ കെ.അജിത പറഞ്ഞു.












Click it and Unblock the Notifications