കാസർഗോഡ് ചുട്ടുപൊള്ളുന്നു; വരും ദിവസങ്ങളിലും ചൂട് കനക്കും..മുന്നറിയിപ്പ്
കാസർകോഡ്: ജില്ലയിൽ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്. നിലവിൽ താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കുന്നു. വരും ദിവസങ്ങളിൽ സാധാരണയെക്കാൾ 2 - 4 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം വേനൽ ചൂടിന് ആശ്വാസം പകർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. മലയോര മേഖലകളിലും മഴ ലഭിച്ചിരുന്നു.
വേനൽ കാലം തുടങ്ങിയതോടെ ജില്ലയിൽ ചൂട് അസഹനീയമാണ്. കഴിഞ്ഞ തവണയും സമാനമായിരുന്നു സാഹചര്യം. വേനൽ മഴയും കുറവ് മാത്രമാണ് ഇവിടെ ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂറവ് വേനൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നായിരുന്നു കാസർഗോഡ്.

അതിനിടെ സംസ്ഥാനത്ത് വീണ്ടും കേന്ദ്രകാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട്, കോട്ടയം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
23 മുതൽ 27 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചു. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക,പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക,നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications