ഫര്‍ഹാസിന്റെ മരണത്തില്‍ വന്‍ പ്രതിഷേധം: യൂത്ത് ലീഗ് മാർച്ചില്‍ സംഘർഷം, പൊലീസുകാരെ സ്ഥലം മാറ്റി
കാസർകോട്: പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. സംഭവത്തില്‍ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് സംഘടിപ്പിച്ച മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് കിലോ മീറ്ററുകളോളം വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് മുസ്ലീം ലീഗ് നേതൃത്വം ആരോപിക്കുന്നത്. അപകടത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി വേണമെന്നാണ് ലീഗ് ആവശ്യം.
മംഗളൂരുവിലെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസ് മരിച്ചത്. കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പൊലീസ് പിന്തുടരുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. എന്നാല്‍ പൊലീസ് വാഹനം കാറിനെ അകാരണമായി പിന്തുടരുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് നീതിപൂർവ്വമായ അന്വേഷണവും നടപടിയും ഉറപ്പു നൽകിയിട്ടുണ്ടെന്ന് കാസർകോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവരെയും ബന്ധപ്പെട്ടിട്ടുണ്ട്. ഇതുപോലെയുള്ള ദാരുണ സംഭവം കാസർകോടിനെ സംബന്ധിച്ചിടത്തോളം അവസാനത്തേതാകട്ടെ, ഫർഹാസിന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടേയെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരുപാട് അപകട മരണങ്ങൾ കാസർകോട് ഉണ്ടായിട്ടുണ്ട്. നിരവധി ചെറുപ്പക്കാർ വാഹനാപകടത്തിൽ മൃത്യു വരിച്ചിട്ടുണ്ട്. ഫർഹാസിന്റെ മരണം അത്തരത്തിൽപ്പെട്ട ഒരു മരണമാണ് എന്ന് നമുക്ക് പറയാൻ പറ്റുമോ?
വാഹന പരിശോധന എങ്ങനെയായിരിക്കണമെന്നും പരിശോധന നടത്തുമ്പോൾ പോലീസ് സ്വീകരിക്കേണ്ട രീതികൾ എന്തായിരിക്കണമെന്നും മുഖ്യമന്ത്രി അടക്കം പോലീസിലെ ഉന്നതന്മാർ ആവർത്തിച്ചു പറയാറുണ്ട്. ഫർഹാസിന്റെ വാഹനം പരിശോധിക്കുന്ന സമയത്ത് പോലീസ് ഇത്തരം കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്.
ഒരു കുടുംബത്തിന്റെ ആശാകുസുമമായ ഒരു ചെറുപ്പക്കാരനെയാണ് നഷ്ടപ്പെട്ടത്. ഈ വേദന ആ കുടുംബവും നാടും നാട്ടുകാരും എങ്ങനെ താങ്ങും. സംഭവം നിർഭാഗ്യകരമായി പോയി എന്ന് എല്ലാവർക്കും പറയാം, അങ്ങനെ പറഞ്ഞാൽ തീരുന്നതല്ലല്ലോ ആ കുടുംബത്തിന്റെ വേദന. ഞാനും എന്റെ സഹപ്രവർത്തകൻ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫും ഇന്ന് രാവിലെ ജില്ലാ പോലീസ് മേധാവിയെ കണ്ടിരുന്നു. എസ്പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ഫർഹാസിനെ കിലോമീറ്ററുകളോളം ഓടിച്ചു പിന്തുടർന്ന പോലീസുകാരെ നിലവിൽ അവർ ജോലി ചെയ്യുന്ന സബ്ഡിവിഷനിൽ നിന്ന് മറ്റു ഡിവിഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.












Click it and Unblock the Notifications