കാസർകോട് അപകടം: 'മോർച്ചറിയിൽ അഞ്ച് മൃതദേഹങ്ങളാണുള്ളത്, ആ കുടുംബം ഇതെങ്ങനെ സഹിക്കും'
കാസർകോട് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ച് ഹൃദയനിർഭരമായ കുറിപ്പുമായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. കാസർകോടിനെ മാത്രമല്ല സംസ്ഥാനത്തെ തന്നെ നടുക്കിയ ദുരന്തമാണ് ഇന്ന് വൈകുന്നേരമുണ്ടായതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഇവരുടെ ദാരുണാന്ത്യം കരളുള്ളവരെ കരയിപ്പിക്കും. ആ കുടുംബം എങ്ങനെയാണ് ഈ വേദന താങ്ങുകയെന്നും അദ്ദേഹം ചോദിക്കുന്നു.

എംഎല്‍എയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കാസർകോട് അപകടം: 'മോർച്ചറിയിൽ അഞ്ച് മൃതദേഹങ്ങളാണുള്ളത്, ആ കുടുംബം ഇതെങ്ങനെ സഹിക്കും. കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിയുടെ മുമ്പിലാണ് ഇപ്പോഴുള്ളത്. മോർച്ചറിയിൽ അഞ്ച് മൃതദേഹങ്ങളാണുള്ളത്. കാസർകോടിനെ മാത്രമല്ല സംസ്ഥാനത്തെ തന്നെ നടുക്കിയ ദുരന്തമാണ് ഇന്ന് വൈകുന്നേരമുണ്ടായത്. ഒരേ കുടുംബത്തിലെ നാല് സ്ത്രീകൾ അപകടത്തിൽ മരണപ്പെട്ടു. അവർ സഞ്ചരിച്ച ഓട്ടോ റിക്ഷയാണ് ബദിയടുക്കയിലെ പള്ളത്തടുക്കയിൽ അപകടത്തിൽപ്പെട്ടത്.
റിക്ഷാ ഡ്രൈവർക്കും ജീവഹാനി സംഭവിച്ചു. എല്ലാവരും മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ കടവത്ത് മൊഗർ സ്വദേശികളാണ്. ഇവരുടെ ദാരുണാന്ത്യം കരളുള്ളവരെ കരയിപ്പിക്കും. ആ കുടുംബം എങ്ങനെയാണ് ഈ വേദന താങ്ങുക. അഞ്ച് മൃതദേഹങ്ങളും രാത്രി തന്നെ പോസ്റ്റുമോർട്ടം ചെയ്യുക എന്നത് ഒരുപാട് സമയമെടുക്കുന്ന കാര്യമാണ്.
എങ്കിലും കാസർകോട് പോലീസും ജനറൽ ആശുപത്രിയിലെ ഫോറൻസിക് സർജൻ അടക്കമുള്ള ജീവനക്കാരും പച്ചവെള്ളം പോലും കുടിക്കാതെ കർമ്മനിരതരാണ്. നാട്ടുകാരും മുസ്ലിം ലീഗ് നേതാക്കന്മാരും പ്രവർത്തകന്മാരും പോലീസിനും ആശുപത്രി ജീവനക്കാർക്കും വേണ്ട എല്ലാ സഹായവും ചെയ്യാൻ ഇവിടെ ഒരുങ്ങി നിൽക്കുന്നു. അല്പസമയം മുമ്പ് ജില്ലാ കളക്ടർ കെ. ഇംബശേഖർ മോർച്ചറിയിൽ വന്നിരുന്നു. ജഗന്നിയന്താവ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഈ വേദന താങ്ങാനുള്ള ശക്തി നൽകട്ടെ. - എംഎല്‍എ കുറിപ്പ് അവസാനിപ്പിക്കുന്നു.
പള്ളത്തടുക്കയിൽ ഓട്ടോറിക്ഷയിൽ സ്കൂൾ ബസ്സ് ഇടിച്ചാണ് അഞ്ച്പേർ മരിച്ചത്. ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ റഊഫ്, ബീഫാത്തിമ, നബീസ , ബീഫാത്തിമ മൊഗർ, ഉമ്മാലിമ്മ എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളെ ഇറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്നു പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ റോഡിൽ കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസെത്തി എല്ലാവരേയും ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു












Click it and Unblock the Notifications