ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി ആനക്കൂട്ടം; അതീവ ജാഗ്രത
കാസർഗോഡ്: മൂളിയാർ പഞ്ചായത്തിലെ ബെള്ളിപ്പാടിയിൽ ചെറുവനത്തിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടത്തെ തുരത്താൻ കർമസേനയുടെ നേതൃത്വത്തിൽ മൂന്നാം ദിവസവും ശ്രമം തുടരുന്നു. മൂന്ന് ആനകളാണ് മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിൽ കർണാടക വനം ലക്ഷ്യമാക്കിയായിരുന്നു തുരത്താനുള്ള നടപടികൾ ആരംഭിച്ചത്. എന്നാൽ പ്രദേശത്ത് ആൾക്കൂട്ടം എത്തിയതോടെ ആനകൾ കാടകം വനത്തിൽ കടക്കാതെ ചെർക്കള-ജാൽസൂർ അന്തസ്സംസ്ഥാന പാത മറികടന്ന് ശാന്തിനഗറിലെത്തി. ഇവ പിന്നീട് സ്വകാര്യ സ്ഥലത്ത് തമ്പടിച്ചിരിക്കുകയായിരുന്നു.

കരണി പ്രദേശത്താണ് ആനകൾ തുടർന്നത്. ഇത് ജനവേസമേഖലയായത് കൊണ്ട് തന്നെ ആനകളെ ഏത് വശത്തേക്ക് തുരത്തിയാലും അത് അപകടം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. എരിഞ്ചേരി, ശാന്തിനഗർ ഭാഗത്തുള്ള ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധിതകൃതർ നിർദ്ദേശിച്ചിരുന്നു. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും കൂടുകളിൽ തന്നെ പൂട്ടിയിടണമെന്നും നിർദ്ദേശിച്ചിരുന്നു. ഇവിടെ ഗതാഗതവും വഴി തിരിച്ച് വിട്ടിരുന്നു. ആനകളെ തുരത്താനായി ഇവ തമ്പടിച്ചിരിക്കുന്ന മേഖലയിൽ പടക്കമെറിയുകയായിരുന്നു.
നിലവിൽ ആനകൾ പല മേഖലകളിലായി തമ്പടിക്കുകയാണ്. എട്ട് ആനകൾ നെയ്യകയത്ത് ഉണ്ട്. ഇവ കൂണ്ടുച്ചിയിൽ കൃഷി നശിപ്പിച്ചു. രണ്ട് ആനകൾ മറ്റൊരു ഭാഗത്തും ഉണ്ട്. എല്ലാ ഭാഗത്തുനിന്നും ആനകളെ തുരത്തി അഡൂർ വനത്തിലെത്തിച്ച് പുലിപ്പറമ്പ് വഴി കർണാടക വനത്തിലെത്തിക്കാനാണ് പദ്ധതി. കുട്ടിയാന കൂട്ടമുള്ള ആനകളെ തുരത്തുകയെന്നതാണ് സേനയെ സംബന്ധിച്ച് വലിയ വെല്ലുവിളി. കാസർഗോഡ് ജില്ലയിലെ വനവകുപ്പ് ജീവനക്കാരും തളിപ്പറമ്പ് കൊട്ടിയൂർ റേഞ്ചിൽ നിന്നുള്ള വനപാലകരുമാണ് പ്രത്യേക സംഘത്തിൽ ഉള്ളത്.












Click it and Unblock the Notifications