മഞ്ചേശ്വരത്ത് ഓട്ടോകള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നതില്‍ പ്രതിഷേധിച്ച് ബസ്സുടമകൾ മിന്നൽ പണിമുടക്ക് നടത്തി
മഞ്ചേശ്വരം: ഹൊസങ്കടി, ആനകല്ല്, മോറത്തണ്ണ റുട്ടുകളിൽ നിരവധി ഓട്ടോ റിക്ഷകൾ ദിനവും അനധികൃത സർവീസ് നടത്തുന്നതായാണ് ബസ്സ് ഉടമകളുടെയും ജീവനക്കാരുടെയും പരാതി. ബസ്സുകളുടെ സമയത്തിന് തൊട്ടു മുന്നിലായി ഓട്ടോ റിക്ഷകൾ നടത്തുന്ന ഇത്തരം സമാന്തര സർവീസുകൾ വലിയ വെല്ലുവിളി ഉയർത്തുന്നതായും പരാതിയുണ്ട്. വലിയ തുക ടാക്സ് അടച്ച് സർവീസ് നടത്തുന്ന ബസുകൾക്ക് വിരലിൽ എണ്ണാവുന്ന യാത്രക്കാരെ പോലും കിട്ടാത്ത ദയനീയ അവസ്ഥയാണ് ഈ റൂട്ടിൽ.
എന്നാൽ യാത്രക്കാരായി കയറുന്നവരിൽ തന്നെ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇക്കാര്യത്തിൽ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് ബസ്സുടമകൾ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ ഓട്ടോ റിക്ഷകളുടെ നമ്പർ സഹിതം ഉൾപ്പെടുത്തി പരാതി നൽകിയിരുന്നു. എന്നിട്ടും നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് ഈ ഭാഗത്തെ സ്വകാര്യ ബസ്സുകൾ എല്ലാം മിന്നൽ പണിമുടക്ക് നടത്തിയത് .

എസ്‌കോട്ട് വാഹനങ്ങളെ പോലെ മുന്നിലും പിന്നിലുമായി സർവീസ് നടത്തുന്ന ഓട്ടോ റിക്ഷകൾ ഇന്ധന വില വർദ്ധനവ് മൂലം പ്രതിസന്ധി നേരിടുന്ന ബസ്സ് വ്യവസായത്തിന് ഇരട്ടി പ്രഹരമായി മാറുന്നു. ബസ്സുകളുടെ അപ്രതീക്ഷിത സമരം യാത്രക്കാരെ ഏറെ വലച്ചു.വിവിധ ആവശ്യങ്ങള്‍ക്കായി ടൗണില്‍ എത്തിയവരും മംഗലാപുരത്തേക്കു യാത്ര തിരിച്ചവരും കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കേണ്ടി വന്നു. ഈ റൂട്ടുകളിൽ മാത്രമല്ല മറ്റ് എല്ലാ റൂട്ടുകളിലും ഓട്ടോ റിക്ഷ ഉടമകൾ ഇതേ രീതിയിലാണ് സർവീസ് നടത്തുന്നത്.
അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും ബസ്സോട്ടം നിർത്തുമെന്ന് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. പണിമുടക്കിയ ബസ്സുടമകളും ജീവനക്കാരും ഹൊസങ്കടിയിൽ പ്രതിഷേധ യോഗവും ചേർന്നു. ഹൊസങ്കടിയില്‍ നിന്നു തലപ്പാടിയിലേക്കുള്ള ബസ്സുകളാണ് സര്‍വ്വീസ് നിറുത്തി വച്ചത്. ഹൊസങ്കടിയില്‍ നടന്ന പ്രതിഷേധത്തില്‍ ബസുടമാസംഘം താലൂക്ക് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, തിമ്മപ്പഭട്ട്. ഉമേശ് ഷെട്ടി, ചന്ദ്രഹാസ. ബി എം രാജേഷ്, ബി കെ മുഹമ്മദ്, ബസ് തൊഴിലാളികള്‍ പ്രസംഗിച്ചു.












Click it and Unblock the Notifications