സ്വർണ വ്യാപാരിയിൽ നിന്ന് 1.65 കോടി കവർന്ന കേസ്; മുഖ്യപ്രതി സിനിൽ അറസ്റ്റിൽ
കാസർഗോഡ്: മൊഗ്രാൽപുത്തൂരിൽ സ്വർണ വ്യാപാരിയെ തടഞ്ഞ് പണം തേട്ടിയ കേസിൽ മുഖ്യ പ്രതി പിടിയിൽ. കണ്ണൂർ മാലൂർ സ്വദേശി സിനിൽ കുമാർ ആണ് പിടിയിലായത്. ഇയാൾ ഒരു വർഷമായി ഒളിവിലായിരുന്നു. തലശ്ശേരിയിലെ ബി ജെ പി നേതാവ് കതിരൂർ മനോജ് വധക്കേസിൽ പ്രതിയായ സിനിൽ തിങ്കളാഴ്ച എറണാകുളത്തെ സി ബി ഐ കോടതിയിൽ ഹാജരായ ശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് തിങ്കളാഴ്ച രാത്രി തന്നെ കാസർഗോഡ് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

കതിരൂർ കേസിൽ ജാമ്യത്തിലിറങ്ങിയ പിന്നാലെയായിരുന്നു ഇയാൾ മോഷണം നടത്തിയത്. 1.65 കോടി രൂപയായിരുന്നു തട്ടിയെടുത്തത്. കഴിഞ്ഞ സപ്റ്റംബറിലായിരുന്നു സംഭവം.കേസിൽ 10 പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു. പ്രതികളിൽ നിന്നും ഏഴ് വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.
മംഗളൂരുവിൽ നിന്നു തലശ്ശേരിയിലേക്കു പോവുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലീയിലെ കൗത്തോളി രാഹുൽ മഹാദേവ് ജാബർ(35)നെ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. പയ്യന്നൂർ കാങ്കോലിനടുത്ത് ആദ്യം കാർ ഉപേക്ഷിക്കുകയും പിന്നാലെ മഹാദേവിനെ ഇറക്കി വിടുകയും ചെയ്തു. ഇയാൾ ബൽഗാമിലും കോലാപൂരിൽ സ്വർണ വ്യാപാരം നടത്തുന്നയാളായിരുന്നു.
കണക്കിൽപ്പെടാത്ത പണമാകും ഇത്തരത്തിൽ കൊണ്ട് പോകുന്നതെന്ന് കരുതിയാണ് സിനിലും സംഘവും കവർച്ച നടത്തിയത്. പണം നഷ്ടപ്പെട്ടവർ പരാതി കൊടുക്കാൻ തയ്യാറാകില്ലെന്നതായിരുന്നു ധൈര്യം. അതേസമയം ദേശീയ പാതയിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിലും സംഘവും തന്നെയാണോ ഇതിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications