പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം? 595 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് പരാതി
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പൂച്ചക്കാട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മരണത്തില്‍ ദുരൂഹത. പ്രവാസി വ്യവസായി എം സി അബ്ദുല്‍ ഗഫൂറിന്റെ മരണത്തില്‍ ആണ് ദുരൂഹത സംശയിക്കുന്നത്. ഇക്കഴിഞ്ഞ 14-ാം തിയതിയാണ് എം സി അബ്ദുല്‍ ഗഫൂറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് സ്വാഭാവിക മരണമാണ് എന്നാണ് കരുതിയിരുന്നത്.
അതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ അബ്ദുല്‍ ഗഫൂറിന്റെ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്ന് 595 പവനില്‍ അധികം സ്വര്‍ണം കാണാതായിരുന്നു. ഇതോടെ ആണ് ബന്ധുക്കള്‍ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് രംഗത്തെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം അബ്ദുല്‍ ഗഫൂറിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്ത് പരിശോധിച്ചു.

മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസ് ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം എന്നാണ് അബ്ദുല്‍ ഗഫൂറിന്റെ കുടുംബം ആവശ്യപ്പെടുന്നത്. അബ്ദുല്‍ ഗഫൂറിന്റേത് കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസും എന്നാണ് അറിയാന്‍ കഴിയുന്നത്.
അബ്ദുല്‍ ഗഫൂറിന്റെ കുടുംബം ബേക്കല്‍ പൊലീസില്‍ ആണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ബേക്കല്‍ ഡി വൈ എസ് പി സുനില്‍ കുമാറിന്റെയും ആര്‍ ഡി ഒയുടെയും സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം അബ്ദുല്‍ ഗഫൂറിന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധക്കുളും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സ്വര്‍ണ്ണം ഇരട്ടിപ്പിക്കല്‍ സംഘത്തെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും


Click it and Unblock the Notifications