എസ്എഫ്ഐ മാർച്ചിലേക്ക് കുട്ടികളെ കൂട്ടത്തോടെ കൊണ്ടുപോയി;പരാതിയുമായി രക്ഷിതാക്കൾ വിവാദം
കാസർഗോഡ്; എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ കൂട്ടത്തോടെ കൊണ്ടുപോയെന്ന പരാതിയുമായി രക്ഷിതാക്കൾ. കുട്ടമത്ത് ഹയർസെക്കന്റി സ്കൂൾ അധികൃതർക്കെതിരെയാണ് രക്ഷിതാക്കൾ രംഗത്തെത്തിയത്. സ്കൂൾ അധികൃതരുടെ അനുമതിയോടെയാണ് വിദ്യാർത്ഥികൾ എസ് എഫ് ഐയുടെ മാർച്ചിൽ പങ്കെടുത്തതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് 23, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 63 എന്നിങ്ങനെ ആകെ 90 കുട്ടികളാണ് എസ് എഫ് ഐയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോയത്. മാർച്ച് കഴിഞ്ഞ ശേഷം കുട്ടികൾ ഉച്ചയ്ക്ക് ക്ലാസിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ മാർച്ചിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് അധ്യാപകർ പറയുന്നത്. കുട്ടികൾ അനുമതി തേടി വന്നപ്പോൾ രക്ഷിതാക്കളുടെ അനുമതി വാങ്ങി പോകൂവെന്നായിരുന്നു വിദ്യാർത്ഥികളോട് പറഞ്ഞതെന്ന് സ്കൂൾ അധികൃതർ പറയുന്നു.
വിഷയത്തിൽ അടിയന്തര പിടിഎ യോഗം വിളിച്ച് ചേർക്കേണ്ട ആവശ്യമില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. അതേസമയം ഇത്തരമൊരു കാര്യം നടന്നത് ശ്രദ്ധയിൽ പെട്ടെട്ടില്ലെന്നും അനാവശ്യ വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും എസ് എഫ് ഐ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പാലക്കാടും വിദ്യാർത്ഥികളെ എസ് എഫ് ഐ നേതാക്കൾ നിർബന്ധിച്ച് കളക്ടട്രേറ്റ് മാർച്ചിൽ പങ്കെടുപ്പിച്ചെന്ന ആരോപിച്ച് രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് സംഘടനയ്ക്കെതിരെ രംഗത്തെത്തിയത്. പാലക്കാട് കളക്ട്രേറ്റ് മാർച്ചിലാണ് കുട്ടികളെ കൊണ്ടുരോയതെന്നന്നും ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ പരാതിയിൽ ആരോപിച്ചത്. എന്നാൽ ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞല്ല കുട്ടികളെ കൊണ്ടുപോയതെന്നും വിവാദം രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നു എസ്എഫ്ഐ ഭാരവാഹികൾ പ്രതികരിച്ചത്.












Click it and Unblock the Notifications