'മഴ പെയ്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന തെറ്റിദ്ധാരണ'; കാസർഗോഡ് കളക്ടർ
കാസർഗോഡ്: മഴ പെയ്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന തെറ്റിദ്ധാരണയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് കാസർഗോഡ് ജില്ലാ കളക്ടർ ഇമ്പശേഖർ. കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും അധ്യാപകരുടെയും കടമയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ട ഒരു ദിവസം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അതിനാൽ എല്ലാ സ്കൂൾ ഹെഡ് മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ കുട്ടികൾ സുരക്ഷിതമായി സ്‌കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ, കുട്ടികൾ സുരക്ഷിതമായി സ്‌കൂളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് അംഗവും വില്ലേജ് ഓഫീസറും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഓറഞ്ച് അലർട്ടാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്.കാസർഗോഡ് കൂടാതെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.












Click it and Unblock the Notifications