പോലീസ് പിന്തുടരവെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; എസ്ഐയ്ക്കും സിപിഒമാർക്കുമെതിരെ കേസെടുത്ത് കോടതി
കാസർഗോഡ്: പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ്ടു വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസിനെതിരെ കേസെടുത്ത് കോടതി. കുമ്പള പോലീസ് സ്റ്റേഷനിലെ എസ് ഐ എസ് ആർ രജിത്ത്, സി പി ഒ മാരായ ടി ദീപു, പി രഞ്ജിത്ത് എന്നിവർക്കെതിരേയാണ് കേസ്. കണ്ണൂർ സ്വദേശി ഫർഹാസ് ആയിരുന്നു മരിച്ചത്.
ഫർഹാസിന്റെ അമ്മയുടെ പരാതിയിൽ കാസർകോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പോലീസുകാർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. നരഹത്യക്കാണ് കോടതി കേസ് എടുത്തത്. ഫെബ്രുവരി 19 ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി പോലീസുകാർക്ക് സമൻസ് അയച്ചു. സംഭവത്തിൽ നേരത്തെ ഈ മൂന്ന് പോലീസുകാരേയും സ്ഥലം മാറ്റിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നായിരുന്നു പോലീസ് വിശദീകരണം.

പോലീസ് പിന്തുടർന്നതാണ് അപകടത്തിന് വഴിവെച്ചതെന്നും മകൻ മരിക്കാൻ കാരണമായതെന്നും കാണിച്ച് ഫർഹാസിന്റെ അമ്മ നേരത്തേ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.
അംഗഡിമൊഗർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി കുമ്പള പേരാൽ കണ്ണൂരിലെ ഫർഹാസാണ് (17) അപകടത്തിൽ മരിച്ചത്. സ്‌കൂളിലെ ഓണാഘോഷ പരിപാടിക്കിടെ പുറത്ത് കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു പോലീസ് ഫർഹാസിനെ പിന്തുടർന്നത്. കാർ നിർത്താൻ കൈകാണിച്ചെങ്കിലും നിർത്തിയിരുന്നില്ല. തുടർന്നായിരുന്നു നടപടി. നാല് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. ഫർഹാസ് ആയിരുന്നു കാർ ഓടിച്ചത്. പോലീസ് പിന്തുടരുന്നതിനിടെ അമിത വേഗതയില്‍ സഞ്ചരിക്കുകയായിരുന്ന കാർ മറിയുകയായിരുന്നു. ഇത് വ്യക്തമാക്കുന്ന സിസിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.അപകടത്തിൽ ഫർഹാസിന്റെ നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു.ചികിത്സയിലിരിക്കെയായിരുന്നു മരണം.












Click it and Unblock the Notifications