കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ട് പേർ അറസ്റ്റിൽ, യുവാവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: ജില്ലയിലെ തിമരടുക്കയിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ വഴിയിലുപേക്ഷിച്ച നിലയിൽ കണ്ടെത്തി. അബ്ദുൾ റഹ്മാൻ എന്ന 24കാരനെയാണ് വീട്ടിൽ നിന്നിറക്കി ആക്രമിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയത്. ഈ സംഘം യുവാവിനെ വഴിയിലുപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തിമിരടുക്കയിലാണ് സംഭവം.
ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീര്‍, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. നൗഷാദ് എന്നയാളുടെ വീടിന്‍റെ ചില്ല് അടിച്ച് പൊട്ടിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് സംഘം തട്ടിക്കൊണ്ട് പോകുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്നാണ് അറസ്റ്റിലായ പ്രതികൾ പറയുന്നത്. മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കുരുടപദവ് തിമിരടുക്കയിലെ വീട്ടില്‍ ഇരിക്കുകയായിരുന്ന അബ്ദുല്‍ റഹ്മാനെ ആയുധങ്ങളുമായി എത്തിയ ഒരു സംഘം വളയുകയായിരുന്നു. ഇരുമ്പ് ദണ്ഡും കത്തിയും ഉള്‍പ്പടെയുള്ള ആയുധങ്ങളാണ് സംഘത്തിന്റെ പക്കലുണ്ടായിരുന്നത്. യുവാവിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. അതിനെല്ലാം ശേഷമാണ് സംഘം യുവാവിനെ കാറില്‍ കയറ്റിക്കൊണ്ട് പോയത്. യുവാവിനെ തട്ടിക്കൊണ്ട് പോകുന്നത് തടയാന്‍ ശ്രമിച്ച യുവാവിന്റെ മാതാവിനും മര്‍ദ്ദനമേറ്റിരുന്നു. പരിക്കേറ്റ യുവാവ് മംഗല്‍പാടിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.












Click it and Unblock the Notifications