89 വോട്ടിന് കൈവിട്ട മഞ്ചേശ്വരത്ത് ഇക്കുറി അക്കൗണ്ട് തുറക്കാനുറച്ച് ബിജെപി;ഇറക്കുക രൂപവാണിയെ? മറ്റ് സാധ്യതകൾ
കാസർഗോഡ്; നിയമസഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് മണ്ഡലമായ നേമം കൂടാതെ അഞ്ച് മണ്ഡലങ്ങളിൽ ഇത്തവണ ബിജെപി വിജയ പ്രതീക്ഷ പുലർത്തുന്നുണ്ട്. പത്തനംതിട്ട,കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളും മലബാറിൽ കാസർഗോഡ് ജില്ലയിലുമാണ് ബിജെപി പ്രതീക്ഷ പുലർത്തുന്നത്.
ശക്തരായ സ്ഥാനാർത്ഥികളെ തന്നെ മത്സരരംഗത്ത് ഇറക്കിയാൽ മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയിക്കാനാകുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. ഇതിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്ക് പരാജയം രുചിച്ച കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധയാണ് ബിജെപി പുലർത്തുന്നത്.

ബിജെപി രണ്ടാം സ്ഥാനത്ത്
തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒട്ടേറെ പ്രത്യേകതയുള്ള മണ്ഡലമാണ് മഞ്ചേശ്വം. 1965 ൽ ഒരിക്കൽ മാത്രമാണ് ഇവിടെ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത്. സിപിഐക്ക് 2006 ൽ മാത്രമാണ് മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞത്. നേരത്തേ സിപിഐയ്ക്ക് ആധിപത്യമുള്ള മണ്ഡലമായിരുന്നുവെങ്കിലും നിലവിൽ എൽഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

89 വോട്ടുകൾക്ക്
1987 മുതൽ ഏഴ് തിരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്ത് വരുന്നത്. 1991 ൽ അന്നത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കെജി മാരാർ പരാജയപ്പെട്ടത് വെറും 1000 ത്തോളം വോട്ടുകൾക്കായിരുന്നു. 2016ൽ നിലവിലെ പാർട്ടി അധ്യക്ഷൻ കൂടിയായ കെ സുരേന്ദ്രൻ പരാജയപ്പെട്ടതാകട്ടെ വെറും 89 വോട്ടിന്.

കോടതി കയറി
നേരിയ വ്യത്യാസത്തിലുള്ള പരാജയത്തിനെതിരെ അന്ന് സുരേന്ദ്രൻ കോടതിയെ സമീപിച്ചിരുന്നു. മരിച്ചവരും വിദേശത്തുള്ളവരുമായ 291 പേരുടെ കള്ളവോട്ട് ചെയ്താണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ പിബി അബ്ദുൽ റസാഖ് ജയിച്ചതെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു കെ സുരേന്ദ്രൻറെ ആവശ്യം.

ഉപതിരഞ്ഞെടുപ്പിൽ
അതേസമയം കേസിൽ തിരുമാനം ആകും മുൻപ് അബ്ദുൾ റസാഖ് എംഎൽഎ നിര്യാതനായി. ഇതോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. അതിനിടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുരേന്ദ്രൻ പിൻവലിക്കുകയും ചെയ്തു. അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രനെ പരിഗണിക്കുന്നതിനിടയിലായിരുന്നു തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയാകാൻ സുരേന്ദ്രൻ മുതിർന്നില്ല.

ലോക്സഭ തിരഞ്ഞെടുപ്പിൽ
ഇതോടെ മുതിർന്ന നേതാവായ രവീശ തന്ത്രി കുണ്ടാറിനെയായിരുന്നു ബിജെപി സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ മുസ്ലീം ലീഗിലെ എംസി ഖമറുദ്ദീൻ 7923 വോട്ടിന് മണ്ഡലത്തിൽ നിന്നും വിജയിച്ചു. തൊട്ട് പിന്നാലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മണ്ഡലത്തിൽ മുന്നേറ്റം. 11,113 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉണ്ണിത്താൻ നേടിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ
അതേസമയം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തനെ ഇറക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. വോർക്കാടി, മീഞ്ച, പൈവളികെ, എൻമകജെ പഞ്ചായത്തുകൾ ബിജെപിയുടെ സ്വാധീന മേഖലകളാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളിൽ മുന്നേറാൻ കഴിഞ്ഞുവെന്നത് ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.

സ്ഥാനാർത്ഥി പരിഗണനയിൽ
പ്രാദേശിക നേതാക്കളെ സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്ന ആവശ്യം ഒരു കൂട്ടർ ഉയർത്തുമ്പോൾ പൊതുസമ്മത സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ പരീക്ഷിക്കണമെന്ന അഭിപ്രായവും ബിജെപിയിൽ ഉണ്ട്
1996 ൽ നിയമസഭയിലേക്കും 2004 ൽ ലോക്സഭയിലേക്കും മത്സരിച്ച സംസ്ഥാന സമിതി അംഗം ബാലകൃഷ്ണ ഷെട്ടിയുടെ പേരാണ് ഒരു വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്.

പഞ്ചായത്ത് മുൻ പ്രസിഡന്റ്
ഇത് കൂടാതെ എൻമകജെ പഞ്ചായത്ത് മുൻ പ്രസിഡന്റു ംനിരവധി തവണ ജനപ്രതിനിധിയും മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ രൂപാണി ആർ ബട്ടിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.
ബി.ജെ.പി ഉത്തരമേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരിയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാൾ.

മറ്റ് പേരുകൾ
ജില്ലാ സെക്രട്ടറി വിജയകുമാർ റൈ, അഡ്വ. നവീൻ രാജ് എന്നിവരിൽ ആരെങ്കിലും മത്സരിക്കണമെന്ന ആവശ്യവും പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. അതേസമയം മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ളവർക്ക് മുൻഗണന നൽകണമെന്നാണ് മറ്റൊരു ആവശ്യം.

മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന്
1996 ന് ശേഷം മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള ആരും തന്നെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനിടെ മണ്ഡലം ഏത് വിധേനയും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് നേതൃത്വം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹൊസങ്കടിയിൽ ബിജെപി സംസ്ഥാന ഭാരവാഹികൾ പങ്കെടുത്ത പ്രത്യേക പഠന ശിബിരം ബിജെപി നടത്തിയിരുന്നു.

നിർദ്ദേശം ഇങ്ങനെ
പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ, പി. കൃഷ്ണകുമാർ എന്നിവരാണ് ശിബിരത്തിൽ പങ്കെടുത്തത്. പരമാവധി പേരെ വോട്ടർ പട്ടികയിൽ ചേർക്കുന്ന കാര്യത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണവും ശക്തമാക്കണമെന്ന നിർദ്ദേശവും നേതാക്കൾ നൽകിയിട്ടുണ്ട്,.
ചിറ്റൂരിൽ പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്; കെ കൃഷ്ണൻകുട്ടിക്കെതിരെ മുൻ എംഎൽഎയുടെ മകൻ മത്സരത്തിന്