ജില്ലയില്‍ കയറാനാവില്ല; എന്നിട്ടും കമറുദ്ദീനെ മഞ്ചേശ്വരത്ത് വീണ്ടും മത്സരിപ്പിക്കണമെന്ന് അനുയായികള്‍
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുസ്ലിം ലീഗിന് ഏറ്റവും വലിയ ആശങ്ക ഉയര്‍ത്തുന്നത് രണ്ട് സിറ്റിങ് എംഎല്‍എമായരുടെ ജയില്‍വാസമാണ്. ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ധീനും പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വികെ ഇബ്രാഹീം കുഞ്ഞുമാണ് ജയില്‍വാസം അനുഭവിക്കുന്നത്. ഇരുവര്‍ക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കമറുദ്ധീനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍.

എംസി കമറുദ്ദീനെതിരെ
ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് 148 കേസുകളാണ് എംസി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ കേസുകളില്‍ ജാമ്യം കിട്ടിയെങ്കിലും കമറുദ്ധീനെതിരെ എണ്‍പതിലേറെ കേസുകള്‍ ഇനിയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകളില്‍ ജാമ്യം ലഭിക്കുന്നതോടെ ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നും ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കമറുദ്ദീനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം.

ജില്ലയില്‍ പ്രവേശിക്കരുത്
ജില്ലയില്‍ പ്രവേശിക്കാന്‍ പോലും കഴിയില്ലെന്നിരിക്കേയാണ് കമറുദ്ദീനായി അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്ത് വന്നത് എന്നതാണ് കൗതുകം. രു ലക്ഷം രൂപയുടെ ആള് ജാമ്യവും അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ 3 മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയുമണ് കഴിഞ്ഞ ദിവസം 24 കേസുകളില്‍ കമറുദ്ദീന് ഹൊസ്ദൂര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
അതത് കേസുകളുള്ള സ്റ്റേഷന് പരിധിയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങിയ ശേഷമേ പ്രവേശിക്കാവൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. കമറുദ്ദീനെ മത്സരിപ്പിച്ചാല്‍ സംസ്ഥാന തലത്തില്‍ തന്നെ അത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ അണികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിക്കും എന്നാണ് നേതാക്കളുടെ പ്രതീക്ഷ.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ലീഗ് അണികളെ പാണക്കാട് എത്തിച്ച് സമ്മര്‍ദം ചെലുത്തിയായിരുന്നു കമറുദ്ദീന് സീറ്റ് നേടിയെടുത്തത്. പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ രവീശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തി 7923 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സിപിഐഎം ഇവിടെ മൂന്നാം സ്ഥാനത്തായി.

കമറുദ്ദീന് ഇല്ലെങ്കില്‍
എസം കമറുദ്ദീന് ഇല്ലെങ്കില്‍ കഴിഞ്ഞ തവണ അദ്ദേഹത്തിനോടൊപ്പം സീറ്റിനായി അവകാശം വാദം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്തംഗം എകെഎം അഷറഫ്, നിലവിലെ കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് എന്നിവരുടെ പേരുകളാണ് മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ ഇത്തവണ മണ്ഡലം കൈവിട്ടുപോകുമെന്നും അതിനാല്‍ വളരെ ആലോചിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

കളമശ്ശേരിയില്‍
ഇബ്രാഹീം കുഞ്ഞിനെ കളമശ്ശേരിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ അനുയായികളും ഉയര്‍ത്തിയിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിര്‍ത്തിയാല്‍ എല്‍ഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതിന് തുല്യമാണെന്ന വാദമാണ് ഇബ്രാഹിംകുഞ്ഞിന്റെ അനുയായികള്‍ ഉയര്‍ത്തുന്നത്. ഇബ്രാഹീം കുഞ്ഞ് ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ മകനെ മത്സര രംഗത്തേക്ക് കൊണ്ട് വരാനും നീക്കമുണ്ട്.

പാലാരിവട്ടം പാലം
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ഇബ്രാഹിംകുഞ്ഞിനെ പാര്‍ട്ടി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. 20 വര്‍ഷമായി മത്സരിക്കുന്ന ഇബ്രാഹീംകുഞ്ഞ് ഇത്തവണ മാറി നില്‍ക്കട്ടേയെന്ന വികാരം പ്രാദേശിക പാര്‍ട്ടി നേതൃത്വവും മുന്നോട്ട് വെച്ചിട്ടുണ്ട്.