സീറ്റ് വിഭജനം: കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി, 10 ഡിസിസി ഭാരവാഹികൾ രാജിവെച്ചു
കാസർഗോഡ്: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കാസർഗോഡ് കോൺഗ്രസിലും പൊട്ടിത്തെറി. ഉദുമ, തൃക്കരിപ്പൂർ , കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ സീറ്റ് തർക്കവുമായി ബന്ധപ്പെട്ടാണ് ഡിസിസിയിൽ പൊട്ടിത്തെറി ഉടലെടുത്തിട്ടുള്ളത്. കാസർഗോഡ് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. കാഞ്ഞങ്ങാട് വെച്ച് വിമതർ ഇന്ന് യോഗം ചേരുകയും ചെയ്തിരുന്നു. അതേ സമയം കെപിസിസി ഭാരവാഹികളും വിമത നീക്കത്തിന് പിന്നിലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഉദുമയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പേരിൽ പാർട്ടിക്കുള്ളിൽ വിമത നീക്കം നടന്നത്.

10 പേർ പുറത്തേക്ക്
മുന്നണിയിലെ ധാരണ പ്രകാരം തൃക്കരിപ്പൂർ മണ്ഡലം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകുന്നതിന് മുമ്പ് കാസർഗോഡ് ജില്ലാ നേതൃത്വവുമായി ചർച്ച ചെയ്തില്ലെന്നതാണ് പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളത്. ഇതിന് പുറമേ ഉദുമ സീറ്റിലേക്ക് ഡിസിസി പ്രസിഡന്റ് അടക്കം പാർട്ടി ഭാരവാഹികളെ പരിഗണിച്ചില്ലെന്നും ആരോപിച്ചാണ് പാർട്ടി പ്രവർത്തകർ രാജിവെച്ചിട്ടുള്ളത്. ഇതോടെ 10 ഡിസിസി ഭാരവാഹികളാണ് രാജിവെച്ചിട്ടുള്ളത്.

തൃക്കരിപ്പൂരിന്റെ പേരിൽ
പാർട്ടിയുമായി ഇടഞ്ഞ ശേഷം ഹോട്ടലിൽ വെച്ച് യോഗം ചേർന്ന ശേഷം കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം പുറത്തുവന്ന ശേഷം രാജി പ്രഖ്യാപനം നടത്തുമെന്നായിരുന്നു പാർട്ടി പ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ജില്ലയിൽ മൂന്ന് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. എന്നാൽ കോൺഗ്രസ് മത്സരിച്ചുവരുന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വവുമായി കൂടിയാലോചിക്കാതെ കേരള കോൺഗ്രസിന് നൽകിയതാണ് പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളത്.

ഉദുമയിൽ ആര്?
ഉദുമ സീറ്റിലേക്ക് മൂന്ന് പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറിമാരായ കെ നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നതെങ്കിലും അന്തിമമായി ബാലകൃഷ്ണൻ പെരിയയുടെ പേര് മാത്രമാണ് പരിഗണിക്കുന്നതെന്നാണ് സൂചനകൾ. ഇതോടെയാണ് പത്ത് ഭാരവാഹികൾ രാജിവെക്കുന്നത്. കോൺഗ്രസിനും ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് ഉദുമ.

എതിർപ്പ് ഇങ്ങനെ...
തൃക്കരിപ്പൂർ മണ്ഡലത്തിൽ മണ്ഡലം കമ്മറ്റി പോലുമില്ലാത്ത ജോസഫ് വിഭാഗത്തിന് ഇവിടെ സീറ്റ് നൽകുന്നതാണ് എതിർപ്പിന് ഇടയാക്കിയിട്ടുള്ളത്. യുഡിഎഫിലെ ഈ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും ഇതേ നിലപാടുമായി പാർട്ടി മുന്നോട്ടുപോകുകയാണെങ്കിൽ ഈ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടി വിടുമെന്നുമെന്നുമാണ് വിമത വിഭാഗം നേരത്തെ വ്യക്തമാക്കിയത്.

ചാലക്കുടിൽ കൂട്ടരാജി
സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി തൃശ്ശൂരിലും കോൺഗ്രസിനുള്ളിൽ അസ്വാസര്യങ്ങള്‍ രൂക്ഷമാണ്. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡന്റുമാരാണ് ഇതെച്ചൊല്ലി ചാലക്കുടിയിൽ രാജിവച്ചിട്ടുള്ളത്. ഈ മണ്ഡലത്തിൽ ടി ജെ സനീഷ് കുമാറിനെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് നേതാക്കളുടെ രാജി. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥി വേണ്ടെന്നാണ് പ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യം. ബൂത്ത് പ്രസിഡന്റുമാരെ കൂടാതെ എട്ട് മണ്ഡലം പ്രസിഡന്റുമാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചാലക്കുടിയിൽ രാജിവച്ചിട്ടുണ്ട്.












Click it and Unblock the Notifications