സിപിഎം ഭീഷണിപ്പെടുത്തി, ഒപ്പിടാന്‍ പോലും ആളെ കിട്ടിയില്ല; സ്ഥാനാര്‍ത്ഥിയില്ലാതെ പോയതില്‍ ബിജെപി
കാസര്‍ഗോഡ്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ വിജയം നേടി തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നലെ അവസാനിച്ചതോടെയാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലിലേക്കും എതിരില്ലാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. എന്നാല്‍ സിപിഎമ്മിന്‍റെ ഭീഷണിയെ തുടര്‍ന്നാണ് തങ്ങള്‍ക്ക് ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ കഴിയാതെ പോയെന്നാണ് ബിജെപിയും യുഡിഎഫും അഭിപ്രായപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കണ്ണൂര്‍ ജില്ലയിലെ 15 വാര്‍ഡുകളിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജിയിച്ചത്. 3 ഗ്രാമപഞ്ചായത്തുകളിലും, 2 മുന്‍സിപ്പാലിറ്റികളിലുമാണ് 15 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിലെ ആറു വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾക്ക് എതിരാളികളില്ലായിരുന്നു.

ആന്തൂർ നഗരസഭയിൽ
പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്ന് വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആന്തൂർ നഗരസഭയിൽ പ്രതിപക്ഷം ഇല്ല എന്നത് നേരത്തെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ഇത്തവണയും ഇടതുപക്ഷത്തിനെതിരെ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും പ്രതിപക്ഷത്തിന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചില്ല. നഗരസഭയിലെ 2, 3, 10 , 11 , 16 , 24 എന്നീ വാർഡുകളിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്.

വിജയിച്ചവര്‍
ആന്തൂരില്‍ പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍. വോട്ടെടുപ്പ് നടക്കുന്ന മറ്റ് വാര്‍ഡുകളിലും പാര്‍ട്ടിക്ക് വലിയ വിജയം നേടാന്‍ കഴിയുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

ചരിത്ര മുന്നേറ്റം
കഴിഞ്ഞ തവണ 28 ൽ പതിനാലിടത്തായിരുന്നു എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. തളിപ്പറമ്പ്, കോട്ടയം എന്നിവിടങ്ങലില്‍ ഒരോ സീറ്റിലും മലപ്പട്ടത്ത് 5 വാര്‍ഡിലും കാങ്കോല്‍-ആലപ്പടമ്പയില്‍ 2 സീറ്റിലുമാണ് ഇടത് സ്ഥനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്. ഡിസംബര്‍ 14 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് കണ്ണൂരില്‍ ചരിത്ര മുന്നേറ്റം ഉണ്ടാക്കുമെന്നതിന്‍റെ സൂചനയാണ് ഇതെന്നായിരുന്നു സിപിഐ(എം) ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചത്.

കാസര്‍ഗോഡ് ജില്ല
കാസര്‍ഗോഡ് ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചത്. കയ്യൂർ ചീമേനി പഞ്ചായത്തിലെ എഴാം വാർഡിൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗം സ.കെ.പി വൽസലൻ
മടിക്കൈ പഞ്ചായത്തിലെ 11-ാം വാർഡിൽ വി രാധ 12-ാം വാർഡിൽ എസ് പ്രീത 13-ാം വാർഡിൽ രമ പത്മനാഭൻ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

യുഡിഎഫ് പ്രതികരണം
സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത് ഇടതുമുന്നണി വലിയ ആഘോഷമാക്കുമ്പോഴും സിപിഎം ഭീഷണി മുഴക്കിയതിനാലാണ് തങ്ങള്‍ക്ക് സ്ഥനാര്‍ത്ഥികള്‍ ഇല്ലാതെ പോയതെന്നാണ് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. സിപിഎമ്മിന്റെ ഭീഷണിയെ തുടർന്നാണ് ആന്തൂരില്‍ സ്ഥാനാർത്ഥികൾ പിൻവലിഞ്ഞതെന്നാണ് യുഡിഎഫ് മണ്ഡലം ചെയർമാൻ സമദ് കടമ്പേരി ആരോപിച്ചത്.

ബിജെപിയുടെ ആരോപണം
മടിക്കൈ ഗ്രാമപഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍ സിപിഎം എതിരില്ലാതെ വിജയിച്ചതിനെതിരെയാണ് ബിജെപിയുടെ ആരോപണം. 2015ലെ തെരഞ്ഞെടുപ്പില്‍ 15 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. ഈ വാര്‍ഡുകളില്‍ ബിജെപിക്ക് 70 മുതല്‍ 100 വോട്ട് വരെ ലഭിച്ചിരുന്നുവെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.

പിന്താങ്ങാന്‍ ആളില്ല
ഇത്തവണ ഇതേ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്താങ്ങാന്‍ ആളില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക നല്‍കാന്‍ സാധിച്ചില്ല. 2015 ല്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്താങ്ങിയവരെ നേരത്തെ സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് 11,12 വാര്‍ഡുകളില്‍ ഒപ്പിട്ടുവെങ്കിലും ഭീഷണിയെ തുടര്‍ന്ന് ഒപ്പിട്ടവര്‍ പിന്‍മാറുകയായിരുന്നുവെന്നും ബിജെപി പറയുന്നു.
കോണ്‍ഗ്രസ് തിരിച്ചു വരും; അസമില്‍ ബിജെപി വീഴ്ത്താന്‍ പുതിയ നീക്കം, ബിപിഎഫും മഹാസഖ്യത്തിലേക്ക്