12,000 രൂപയുടെ സൈക്കിൾ മോഷണം പോയി, കണ്ടെത്തിയത് ആക്രിക്കടയിൽ..പക്ഷേ..വീണ്ടും ട്വിസ്റ്റ്
കാസർഗോഡ്: മോഷണം പോയ സൈക്കിളിന് പകരം പുതുപുത്തൻ സൈക്കിൾ കിട്ടയതിന്റെ സന്തോഷത്തിലാണ് കുശാൽനഗർ സ്വദേശിയായ ഒൻപതു വയസ്സുകാരൻ മുഹമ്മദ്. മാസങ്ങൾക്ക് മുൻപാണ് മുഹമ്മദിന്റെ സൈക്കിൾ മോഷണം പോയത്. പിന്നീട് സൈക്കിൾ ആക്രിക്കടയിൽ നിന്നും കണ്ടെത്തുകയായിരുന്നു. പക്ഷേ മോഷണം പോയ സൈക്കിളിന് പകരം ഇപ്പോൾ മുഹമ്മദിന് കിട്ടിയത് ഒരു പുത്തൻ സൈക്കിളാണ്. കഥയിലെ ട്വിസ്റ്റ് ഇങ്ങനെ

ആശിച്ച് കൊതിച്ചാണ് മുഹമ്മദ് ഒരു സൈക്കിൾ വാങ്ങിയത്. രണ്ട് വർഷത്തോളം ഭണ്ഡാരത്തിൽ കിട്ടിയ പണമെല്ലാം ചേർത്ത് വെച്ച് കഴിഞ്ഞ പെരുന്നാളിന് 12,000 രൂപ തികഞ്ഞപ്പോഴായിരുന്നു സൈക്കിൾ വാങ്ങാൻ തീരുമാനിച്ചത്. ഒടുവിൽ വാപ്പ അബ്ദുൾ സലാമിനൊപ്പം പോയി സൈക്കിളും വാങ്ങി. അന്ന് മുതൽ സൈക്കിളിലായിരുന്നു മുഹമ്മദിന്റെ എല്ലാ അഭ്യാസങ്ങളും. ദിവസത്തിലെ ഒഴിവ് സമയത്തെല്ലാം മുഹമ്മദ് സൈക്കിളിന് മുകളിലായിരുന്നു. പക്ഷേ ഓടിച്ച് കൊതി തീരും മുൻപ് സൈക്കിൾ മോഷണം പോയി.
വീട്ട് മുറ്റത്ത് നിർത്തിയിട്ട തന്റെ സൈക്കിൾ നഷ്ടമായതോടെ മുഹമ്മദ് ആകെ വിഷമത്തിലായി. ഇത് കണ്ടതോടെ അബ്ദുൾ സലാം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പിട്ടു. മോഷണ കഥ വായിച്ച പലരും പുതിയ സൈക്കിൾ വാഗ്ദാനം ചെയ്തെങ്കിലും വീട്ടുകാർ നിരസിച്ചു. ഇതിനിടയിൽ യു പി സ്വദേശിയായ മഹേഷ് കുമാറിന്റെ ആക്രിക്കടയിൽ നിന്നും മുഹമ്മദിന്റെ സൈക്കിൾ കണ്ടെത്തുകയായിരുന്നു. സുഹൃത്തായിരുന്നു അബ്ദുൾ സലാമിനെ വിവരമറിയിച്ചത്. പോയി നോക്കിയപ്പോൾ മുഹമ്മദിന്റെ സൈക്കിൾ തന്നെ. ഇതോടെ അബ്ദുൾ സലാം പോലീസിനെ വിവരം അറിയിച്ചു. പോലീസ് സൈക്കിൾ സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും ചെയ്തു.
അതേസമയം ഈ സംഭവം നടക്കുമ്പോഴെല്ലാം കടയുടെ മുതലാളിയായ മഹേഷ് യു പിയിലായിരുന്നു. തിരികെ വന്നപ്പോഴാണ് മുഴുവൻ കഥയും അറിഞ്ഞത്. തുടർന്ന് നേരെ സ്റ്റേഷനിലേക്ക് വെച്ച് പിടിച്ചു. സൈക്കിൾ മുഹമ്മദിന് നൽകാമെന്ന് അറിയിക്കുകയും ചെയ്തു. 12,000 രൂപയുടെ സൈക്കിൾ വെറും 1000 രൂപയ്ക്കായിരുന്നു കള്ളൻ മുഹമ്മദിന്റെ കടയിൽ വിറ്റത്.
മുഹമ്മദിന്റെ സങ്കടം കണ്ടപ്പോൾ മഹേഷ് കുമാറിന് കാര്യം മനസിലായി. പിന്നെ ഒട്ടും മടിക്കാതെ 12,000 രൂപയുടെ പുതിയ സൈക്കിൾ മഹേഷ് തന്നെ മുഹമ്മദിന് വാങ്ങി നൽകുകയായിരുന്നു. എന്തായാലും മോഷണം പോയ സൈക്കിളിന് പകരം പുതിയ സൈക്കിൾ കിട്ടിയ സന്തോഷത്തിലാണ് മുഹമ്മദ്.












Click it and Unblock the Notifications