ബഹുഭാഷാ സമ്മേളനം; ഭാഷാ വികാസത്തിന്റെ സാഹചര്യങ്ങള്‍ നിലനിര്‍ത്തണമെന്ന് സച്ചിദാനന്ദൻ
കാസര്‍കോട്: ഭാഷാവികാസത്തിന്റെ സാഹചര്യങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ഒരു ഭാഷയെ സംരക്ഷിക്കാനുള്ള പ്രധാന വഴിയെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തില്‍ സംഘടിപ്പിക്കുന്ന ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

. പുതിയ കാലത്ത് ഭാഷകളെ സംരക്ഷിക്കാനും ഭാഷകളെ പാര്‍ശ്വവത്ക്കരിക്കാനുമുള്ള ശ്രമം നടന്നുവരികയാണ്.രാഷ്ട്രീയത്തേയും സാമൂഹ്യ ചിന്തകളെയും സംസ്‌കാരത്തെയും ഏകഭാഷണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു. അതുകൊണ്ട് ഭാഷകളെ സംരക്ഷിക്കുക എന്നത് പ്രധാനമായി മാറുന്നു. ഏത് ഭാഷയായാലും അതിനൊക്കെ വികാസത്തിന്റെയും രൂപീകരണത്തിന്റെയും ചരിത്രമുണ്ട്. ഏകഭാഷണത്തിലേക്കുള്ള നീക്കങ്ങള്‍ക്കെതിരായ പ്രതിരോധത്തിന് കൂടി ബഹുഭാഷാ സമ്മേളനത്തില്‍ തുടക്കം കുറിക്കുകയാണ്. ഭാഷകള്‍ നിലനിര്‍ത്തുക വഴി സംസ്‌കാരങ്ങളെയും പ്രാദേശിക സവിശേഷതകളെയും നിലനിര്‍ത്തും എന്ന് ഓരോരുത്തരും പ്രതിജ്ഞ എടുക്കണമെന്നും ബഹുഭാഷാ സമ്മേളനത്തിന്റെ ആത്യന്തികമായ സന്ദേശം ഇതാണെന്നും അദ്ദേഹം പറഞ്ഞു.ഭാഷകള്‍ ലോകവീക്ഷണമാണ്.
ഭാഷ മരിക്കുമ്പോള്‍ ലോകത്തെ നോക്കിക്കാണുന്ന രീതിയാണ് മരിക്കുന്നത്. ഏതെങ്കിലും ഒരു ഭാഷയാണ് നമ്മുടെ ഭാഷ എന്ന് പറയുന്നതില്‍ അപകടമുണ്ട്. ആ ഭാഷയില്‍ എല്ലാവരും സംസാരിക്കണമെന്നും ആശയങ്ങള്‍ കൈമാറണമെന്നും വാദിക്കാനാരംഭിക്കുന്ന നിമിഷത്തില്‍ തകര്‍ന്ന് പോകുന്നത് ഇന്ത്യ എന്ന മഹത്തായ ആശയമാണ്.ബഹുമുഖങ്ങളായ സംവാദങ്ങളെ മുഴുവന്‍ നിശ്ചലമാക്കാന്‍, നിശബ്ദമാക്കാനുള്ള ശ്രമം നടക്കുന്ന കാലത്ത് വിയോജിപ്പിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുക എന്നത് പുതിയ കാലത്തെ മുഴുവന്‍ ജനതയുടെയും ദൗത്യമാണെന്നും കെ.സച്ചിദാനന്ദന്‍ പറഞ്ഞു.
വ്യത്യസ്തത നിലനിർത്തുന്നതിലൂടെയാണ് ഭാഷയുടെയും സമൂഹത്തിന്റെയും നിലനിൽപ്പ്: സുനിൽ പി ഇളയിടം
കാസർഗോഡ്: വ്യത്യസ്തത നിലനിർത്തുന്നതിലൂടെ മാത്രമേ ഭാഷയ്ക്കും സമൂഹത്തിനും നിലനിൽപ്പും അതീജീവനവുമുള്ളൂവെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം പറഞ്ഞു. ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രാരംഭ സമ്മേളനത്തിൽ "ഭാഷ സമൂഹം " എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദഹം. ഭാഷയ്ക്ക് ഒരു പാട് ധർമ്മങ്ങളുണ്ട്. ഈ ധർമങ്ങളാണ് വാസ്തവത്തിൽ മനുഷ്യ വംശത്തെ സംബന്ധിച്ച് ഭാഷ വളരെ പ്രധാനപ്പെട്ടതാക്കുന്നത്.
നാം സംസാരിക്കുന്ന ഭാഷ നമുക്കിടയിലെ ഉടമ്പടിയാണ്. മനുഷ്യനെ സാമൂഹ്യ ജീവിയാക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആധാര സാമഗ്രി ഭാഷയയാണെന്നും അദ്ദേഹം പറഞ്ഞു.. മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥം പൂർണമാകുന്നത് ഭാഷയിലായിരിക്കുക എന്ന് പറയുമ്പോഴാണ്. ഭാഷയെ ഒരു ഉപകരണമാക്കി ചുരുക്കാനുള്ള ശ്രമങ്ങൾ ലോകത്ത് നടക്കുകയാണ്. ഭാഷാ നഷ്ടം യഥാർത്ഥത്തിൽ സ്വത്വ നഷ്ടമാണ്. ആധുനിക ഇന്ത്യ എന്ന ആശയത്തിന്റെ അടി വേരായ ഭാഷായുടെയും സംസ്കാരത്തിന്റെയും മതത്തിന്റെയും എല്ലാത്തരം ജീവിത പ്രയോഗങ്ങളുടെയും തലത്തിൽ നിഷേധിക്കാനുള്ള വലിയ ശ്രമം നടക്കുന്ന കാലമാണ്. സംവാദ സ്ഥലങ്ങളെ ഇല്ലാതാക്കി ഭാഷയെ ഏകസ്വരങ്ങളാക്കുന്നതോ ഒരു സമൂഹത്തെ ഏക ഭാഷാ സമൂഹമാക്കി മാറ്റുന്നതോ ഒക്കെ ദുരധികാരത്തിന്റെ, സർവ്വാധിപത്യത്തിന്റെ കടന്നുവരവിന്റെ അടയാളമാണ്. ഭാഷയുടെയും സമൂഹത്തിന്റെയും അതിജീവനം പരസ്പര ബന്ധിതമാണെന്നും സുനിൽ പി ഇളയിടം പറഞ്ഞു.
കാസർകോടിന്റെ ഭാഷാ പ്രകൃതം എന്ന വിഷയത്തിൽ ഡോ രത്നാകരമല്ലമൂല പ്രഭാഷണം നടത്തി. ഓരോ സമുദായവും പിന്തുടർന്നത് ഓരോ ഭാഷാ രീതിയാണെന്നും ജില്ലയിൽ ഭാഷകളെ കേന്ദ്രീകരിച്ച് ഒട്ടേറെ ഗവേഷണ സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ,കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കേരള സാഹിത്യ അക്കാദമി അംഗം ഇ.പി രാജഗോപാലൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുൻ എം എൽ എ കെ.വി.കുഞ്ഞിരാമൻ , കേരള തുളു അക്കാദമി ചെയർമാൻ കെ.ആർ ജയാനന്ദ, കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം എം.കെ മനോഹരൻ , കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം കവി രാവുണ്ണി തുടങ്ങിയവർ പങ്കെടുത്തു. ഉമേഷ് എം സാലിയാൻ സ്വാഗതവും ജയചന്ദ്രൻ കുട്ടമത്ത് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications