സ്വന്തം പറമ്പിൽ നിന്നും തേങ്ങ പറിക്കാൻ അനുവദിക്കുന്നില്ല'; ഊരുവിലക്ക് പരാതിയിൽ സിപിഎം നേതാക്കൾക്കെതിരെ കേസ്
കാസര്‍കോഡ്: സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് സി പി എം അനുവദിക്കുന്നില്ലെന്ന വയോധികയുടെ പരാതിയിൽ കേസെടുത്ത് പോലീസ്. പറമ്പിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. കാസര്‍കോഡ് നീലേശ്വരം പാലായിയിലെ രാധയുടെ പറമ്പിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.നീലേശ്വരം പാലായിയിലെ 70 വയസുകാരി എംകെ രാധയേയും മകള്‍ ബീനയേയും പേരക്കുട്ടിയേയും അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഒരു പരാതിയിൽ പറയുന്നത്. പ്രദേശത്തെ സ്ത്രീകളാണ് രണ്ടാമത്തെ പരാതി നൽകിയിരിക്കുന്നത്. രാധയുടെ പറമ്പിൽ എത്തിയ തെങ്ങുകയറ്റ തൊഴിലാളിയ്ക്കെതിരെയാണ് രണ്ടാമത്തെ പരാതി, സി പി എമ്മിന്റെ കൂടെ അറിവോടെയാണ് ഈ പരാതി. തെങ്ങ് കയറ്റ തൊഴിലാളിയാണ് മൂന്നാമത്തെ പരാതി സമർപ്പിച്ചിരിക്കുന്നത്. 9 ഓളം പേർ തന്നെ ആയുധാം കാട്ടി ഭീഷണിപ്പെടുത്തിയെന്നുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

ശനിയാഴ്ചയാണ് സംഭവം. രാധയുടെ പറമ്പിൽ തെങ്ങുകയറാനെത്തിയ തൊഴിലാളികളെ സി പി എം തടഞ്ഞെന്നാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പിണറായിയാണ് നാട് ഭരിക്കുന്നതെന്ന് ഓര്‍ത്തോ എന്ന് ആക്രോശിച്ച് ചിലർ തെങ്ങുകയറ്റ തൊഴിലാളിയെ അടക്കം ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. അതേസമയം
അപ്രോച്ച് റോഡിന്‍റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് എട്ട് വര്‍ഷത്തോളമായി സി പി എമ്മിന്‍റെ ഊരുവിലക്ക് ഉണ്ടെന്നാണ് രാധയുടെ മകള്‍ ബീന ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം സി പി എം തള്ളി.പാലിയിലെയും സമീപ പ്രദേശങ്ങളിലെയും തെങ്ങുകള്‍ കയറുന്നത് പ്രാദേശിക തെങ്ങുകയറ്റ തൊഴിലാളികളാണെന്നും പുറമേ നിന്ന് കൊണ്ടുവന്ന തൊഴിലാളികളെ നാട്ടിലെ തൊഴിലാളികള്‍ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് സി പി എം വിശദീകരിക്കുന്നത്. പാലായി ഷട്ടര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കെതിരെ കൊടുത്ത കേസുകള്‍ കോടതി തള്ളിയതിനെ തുടര്‍ന്ന് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സി പി എം ആരോപിച്ചു.












Click it and Unblock the Notifications