'ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതു മന്ത്രിമാർ; രാജ്മോഹൻ ഉണ്ണിത്താന് റിയാസിന്റെ മറുപടി
കാസർഗോഡ്: ഉദ്യോഗസ്ഥരുടെ താളത്തിന് അനുസരിച്ച് തുള്ളുന്ന മന്ത്രിമാരുണ്ടെന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ആക്ഷേപത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇടതു മന്ത്രിമാർ അത്തരത്തിലുള്ളവരല്ലെന്നായിരുന്നു റിയാസിൻറെ പ്രതികരണം. കാസർഗോഡ് നടന്ന പരിപാടിക്കിടെയായിരുന്നു എംപി ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ഉയർത്തിയത്.

ഓരോ ഭരണം വരുമ്പോഴും കുറെ അവതാരങ്ങൾ വരും മന്ത്രിമാരെ വഷളാക്കാൻ. അവർക്ക് ഒരു അവതാര ലക്ഷ്യമുണ്ട്. ആ ദൗത്യം കഴിയുമ്പോൾ അടുത്ത ആളുകളെ പിടിക്കും.വാദിയെ പ്രതിയാക്കാനും തിരിച്ചുമെല്ലാം അവർക്ക് കഴിയും.മന്ത്രിമാരെ നല്ല രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. ജനപ്രതിനിധികളെ പിണക്കി പരമാവധി ശത്രുക്കളെ ഉണ്ടാക്കി മന്ത്രിക്ക് പേര് ദോഷം ഉണ്ടാക്കാരുത്. മുൻപ് പയ്യന്നൂരിൽ ഒരു സംഭവമുണ്ടായി. അന്ന് മന്ത്രി ജി സുധാകരനോട് ഉദ്യോഗസ്ഥരെ കുറിച്ചുള്ള ആക്ഷേപം ചെവിയിൽ മാത്രമേ പറഞ്ഞുള്ളൂ. അന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി പറഞ്ഞു ഇനി എംപി ഇത്തരമൊരു ആക്ഷേപം ഉയർത്തിയാൽ സർവ്വീസിൽ വെച്ചേക്കില്ലെന്ന് പറഞ്ഞു', ഉണ്ണിത്താൻ പറഞ്ഞു.
ഇതിന് 'ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല അതിന് അനുസരിച്ച് കുഴിയിൽ വീഴുന്നവരല്ല ഇടതുപക്ഷ മന്ത്രിമാർ എന്ന് അങ്ങ് മനസിലാക്കുന്നത് നല്ലതാണ്',എന്നായിരുന്നു റിയാസ് പറഞ്ഞത്. എം പി സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി അദ്ദേഹത്തെ തിരുത്തിയത്.
എന്നാൽ അങ്ങനെ ഇടതുപക്ഷത്തെ എല്ലാവരുമാണ് എന്ന് പറഞ്ഞാൽ താൻ അംഗീകരിക്കില്ലെന്നും അങ്ങനെ ഓരോ മന്ത്രിമാരും പറയട്ടെയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തനിക്കൊരു അനുഭവം ഉണ്ടായത് കൊണ്ടാണ് ഇപ്പോൾ പറഞ്ഞതെന്നുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ മറുപടി നൽകിയത്.












Click it and Unblock the Notifications