പെരിയ വിവാഹ സത്കാര വിവാദം; വിശദമായ അന്വേഷണത്തിന് കെപിസിസി സമിതി കാസർഗോഡേക്ക്
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം വിശദമായി അന്വേഷിക്കാൻ കെ പി സി സി സമിതി നാളെ ജില്ലയിലെത്തും. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം എൻ സുബ്രഹ്മണ്യം, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എം നിയാസ് എന്നിവരാണ് സമിതിയംഗങ്ങൾ.
യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം ലോക്സഭ തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസ് വലിയ രീതിയിൽ സി പി എമ്മിനെതിരെ ആയുധമാക്കിയിരുന്നു. ഇതിനിടയിലായിരുന്നു നേതൃത്വത്തെ വെട്ടിലാക്കി കേസിലെ 13ാം പ്രതിയും മുൻ സി പി എം ലോക്കൽ സെക്രട്ടറി കൂടിയായ എൻ ബാലകൃഷ്ണന്റെ മകന്റെ വിവാഹസത്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്. നേതാക്കൾ ചടങ്ങിൽ പങ്കെടുത്ത ഫോട്ടോ പുറത്തുവന്നതോടെയായിരുന്നു സംഭവം വിവാദമായത്.

തുടർന്ന് പുല്ലൂർ-പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രമോദ് പെരിയയെ നീക്കിയിരുന്നു. എന്നാൽ താൻ മാത്രമല്ല ജില്ലയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളടക്കം വിവാഹത്തിൽ പങ്കെടുത്തിരുന്നുവെന്നും എന്തുകൊണ്ട് അവർക്കെതിരെ നടപടിയില്ലെന്നുമായിരുന്നു പ്രമോദ് ചോദിച്ചത്. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഉദുമ മണ്ഡലം യുഡിഎഫ് ചെയർമാൻ രാജൻ പെരിയ ഉൾപ്പെടെയുള്ളവർ ചടങ്ങിലെത്തിയെന്നും പ്രമോദ് പറഞ്ഞു.
ഇതോടെ ചടങ്ങിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായി. കെ എസ് യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് അംഗങ്ങളെല്ലാം ആവശ്യത്തിൽ ഉറച്ച് നിന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും നേതാക്കൾക്കെതിരെ പരസ്യമായി രംഗത്തെത്തി.
രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും അവരെ ന്യായീകരിക്കാനോ അതിനെ നീതീകരിക്കാനോ കോൺഗ്രസിനെയും രക്തസാക്ഷികളെയും സ്നേഹിക്കുന്നവർക്ക് സാധ്യമല്ല.അവർ തീർച്ചയായും പാർട്ടി നടപടികൾ അർഹിക്കുന്നുണ്ട് എന്നായിരുന്നു ഉണ്ണിത്താൻ തുറന്നടിച്ചത്.
എന്നാൽ ഇതിനെതിരെ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഫെയ്‌സ്ബുക്കിലൂടെ ഉണ്ണിത്താനെ കടന്നാക്രമിച്ചു. നേതാക്കൾ പരസ്യമായി വിഴുപ്പലക്കൽ തുടങ്ങിയതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. വിഷയത്തിൽ ജില്ലാ നേതൃത്വത്തോട് റിപ്പോർട്ട് നൽകാനും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട നേതൃത്വം വിശദമായ അന്വേഷണത്തിനായി സമിതിയെ രൂപീകരിക്കുകയും ചെയ്തു.












Click it and Unblock the Notifications