പെരിയ വിവാഹ സത്കാര വിവാദം; നേതാക്കളുടെതേ മാപ്പർഹിക്കാത്ത കുറ്റമെന്ന് കമ്മീഷൻ റിപ്പോർട്ട്
കാസർകോഡ്: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കെ പി സി സി അന്വേഷണ സമിതി റിപ്പോർട്ട്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. റിപ്പോർട്ട് ഉടൻ സംസ്ഥാന അധ്യക്ഷൻ കെ സുധാകരന് കൈമാറും.
പെരിയ കേസിലെ 13ാം പ്രതിയും മുൻ സി പി എം ലോക്കൽ സെക്രട്ടറി കൂടിയായ എൻ ബാലകൃഷ്ണന്റെ മകന്റെ വിവാഹസത്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതാണ് കാസർകോഡ് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കിയത്. വിവാഹത്തിൽ പങ്കെടുത്ത പുല്ലൂർ-പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രമോദ് പെരിയയുടെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. ഇതോടെ നേതൃത്വം പ്രമോദിനെതിരെ നടപടിയെടുക്കുകയും സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.

എന്നാൽ താൻ മാത്രമല്ല ജില്ലയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളടക്കം വിവാഹത്തിൽ പങ്കെടുത്തിരുന്നുവെന്നും എന്തുകൊണ്ട് അവർക്കെതിരെ നടപടിയില്ലെന്നും ചോദിച്ച് പ്രമോദ് രംഗത്തെത്തുകയായിരുന്നു. ചടങ്ങിൽ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ അടക്കമുള്ള കോൺഗ്രസിന്റെ സമുന്നതരായ നേതാക്കളും കൂടെ ഉണ്ടായിരുന്നെന്ന് പ്രമോദ് പെരിയ തുറന്നടിച്ചു.
സംഭവത്തിൽ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി അടക്കമുള്ളവർ വിമര്‍ശനമുന്നയിച്ചതോടെ വിവാദം പരസ്യ പോരിലേക്ക് വഴി മാറി. രക്തസാക്ഷികളെ അപമാനിച്ചവർ മാപ്പ് അർഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം വിമർശനത്തിന് പിന്നാലെ ബാലകൃഷ്ണൻ പെരിയ ഉണ്ണിത്താനെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടു. വിഴുപ്പലക്കൽ രൂക്ഷമായതോടെ മുഖം നോക്കാതെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടക്കമുള്ളവർ കെ പി സി സി നേതൃത്വത്തെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടംഗ കമ്മീഷനെ വിഷയം പഠിക്കാന്‍ നിയോഗിച്ചത്.കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം എൻ സുബ്രഹ്മണ്യം, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എം നിയാസ് എന്നിവരാണ് സമിതിയംഗങ്ങൾ. അതേസമയം റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications