പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയേഴ്സ് മർദ്ദിച്ചത് ഷൂ ധരിച്ചതിന്; ദൃശ്യങ്ങൾ പുറത്ത്
കാസർകോഡ്: പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത് സീനിയർ വിദ്യാർത്ഥികൾ.
കാസർകോഡ് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. റാഗിന്റെ ദൃശ്യങ്ങൾ പുറത്തുന്നു. പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് തന്നെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു.
പള്ളിക്കര ബിലാൽ നഗർ സ്വദേശിയാണ് ആക്രമണത്തിനിരയായ കുട്ടി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക് മർദ്ദനം ഏറ്റത്. തലയ്ക്കായിരുന്നു അടി കൊണ്ടത്.
എന്നാൽ മർദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയ്ക്ക് തലചുറ്റലും ക്ഷീണവും അനുഭവപ്പെട്ടു. അപ്പോഴും മർദനമേറ്റ കാര്യം കുട്ടി പറഞ്ഞിരുന്നില്ല.

ഇതിനിടയിൽ കഴിഞ്ഞ ദിവസം കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമം വഴി പ്രചരിച്ചു. ഇത് മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് വിവരം വിദ്യാർത്ഥി വീട്ടുകാരെ അറിയിച്ചത്. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകി. ഹൊസ്ദുർഗ്ഗ് പോലീസിലാണ് പരാതി നൽകിയത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications