നീലേശ്വരത്ത് പീഡനത്തിനിരയാക്കിയ പെൺകുട്ടിയെ ഗർഭച്ഛിദത്തിനും വിധേയമാക്കിയതിന് തെളിവു ലഭിച്ചു
കാഞ്ഞങ്ങാട്: നീലേശ്വരത്ത് 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ കുടുതൽ വെളിപ്പെടുത്തലുമായി പോലീസ്. പലർക്കായി കാഴ്ച്ചവെച്ച ശേഷം ഗർഭിണിയായ മകളെ ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതിയായ പിതാവ് കുറ്റസമ്മത മൊഴി നൽകി. പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് കേസിലെ നിർണായകമായ വഴിത്തിരിവുണ്ടായത്. ഇതനുസരിച്ച് അന്വേഷണം നടത്തിയ നീലേശ്വരം സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയ ശേഷം കുഴിച്ചിട്ട ഭ്രുണാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
നീലേശ്വരം സി ഐ പി ആർ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുട്ടിയുടെ വീടിന്റെ പുറകിലെ പറമ്പിൽ നിന്നാണ് ഇവ കണ്ടെത്തിയത്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ശ്രീകാന്ത് എസ് നായർ, ഹൊസ്ദുർഗ് തഹസിൽദാരുടെ ചുമതലയുള്ള ബി രത്നാകരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഭ്രൂണാവശിഷ്ടങ്ങൾ പുറത്തെടുത്തത്. ഒരു മാസം മുൻപ് ഇതു കുഴിച്ചിട്ടതെന്നാണ് പിതാവ് നൽകിയ മൊഴി. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്താനായി ഇവ കണ്ണൂരിലെ ഫോറൻസിക് ലാബിലേക്ക് മാറ്റി. കൊവിഡ് നിരീക്ഷണം കഴിഞ്ഞതിനു ശേഷം കഴിഞ്ഞ ദിവസമാണ് കേസിലെ ഒന്നാം പ്രതിയായ പിതാവിനെ കസ്റ്റഡിയിൽ വാങ്ങിയത്. നടപടികൾ പൂർത്തിയാക്കി പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നീലേശ്വരം സി ഐ യ്ക്കു പുറമേ നീലേശ്വരം എസ്ഐ കെപി സതീഷ് , ഗ്രേഡ് എസ്ഐ വി , മോഹനൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുകയും തെളിവെടുപ്പിനായി മറ്റുള്ള സ്ഥലങ്ങളിൽ കൊണ്ടുപോവുകയും ചെയ്തത്. നാടിനെ ഞെട്ടിച്ച പീഢനകേസിൽ ഒരാൾ കൂടി അറസ്റ്റിലാവാനുണ്ട്. നേരത്തെ ഞാണിക്കടവിലെ മുഹമ്മദ് റിയാസ്, പുഞ്ചാവിയിലെ പി പി മുഹമ്മദലി. സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത മറ്റൊരാൾ കാഞ്ഞങ്ങാട്ടെ മുഹമ്മദ് ഷെരീഫ്, തൈക്കടപ്പുറം ആശുപത്രി റോഡിലെ ബി മുഹമ്മദ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കുട്ടിയുടെ സ്വന്തം പിതാവിന്റെ നേതൃത്വത്തിൽ നടന്ന പെൺവാണിഭക്കേസിൽ ശാസ്ത്രീയ തെളിവുകൾ കൂടുതൽ ശേഖരിച്ചു വരികയാണ് പോലീസ്. പോക്സോ ചുമത്തിയ കേസിലെ പ്രതികൾ റിമാൻഡിലാണ്.












Click it and Unblock the Notifications