പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച് റാഗിംഗ്; സംഭവം കാസർകോട് ഉപ്പളയിൽ
കാസർകോട്: ഉപ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മുടിമുറിച്ച് റാഗ് ചെയ്തു. മുടി മുറിച്ചതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് റാഗിംഗ് വിവരം പുറത്തറിയുന്നത്. വിദ്യാർത്ഥിയിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. പരാതി ലഭിക്കുകയാണെങ്കിൽ മാത്രം നടപടിയെടുത്താൽ മതിയെന്ന നിലപാടിലാണ് അധികൃതർ.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാസർകോട് ഉപ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗ് നടന്നത്. പ്ലസ് വൺ വിദ്യാർഥിയാണ് റാഗിങ്ങിന് ഇരയായത്. ജൂനിയർ വിദ്യാർഥിയായ കുട്ടിയുടെ മുടി മുറിച്ചായിരുന്നു സീനിയർ വിദ്യാർഥികളുടെ റാഗിംഗ്. സ്കൂളിന് എതിർവശത്തുള്ള കോഫി ഷോപ്പിൽ വച്ചാണ് കുട്ടിയുടെ മുടി മുറിച്ചത്. ഇതിനുശേഷം മുടിമുറിച്ച കുട്ടികൾ തന്നെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.

അതേസമയം, റാഗിങ് നടന്നത് സ്കൂൾ പരിസരത്തല്ലെന്നാണ് പ്രിൻസിപ്പലിന്റെ പ്രതികരണം. സംഭവത്തിൽ കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്നതനുസരിച്ച് പൊലീസിൽ വിവരമറിയിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇരയായ വിദ്യാർത്ഥിയിൽ നിന്നും പരാതി ലഭിക്കുകയാണെങ്കിൽ മാത്രം സംഭവവുമായി ബന്ധപ്പെട്ട വിദ്യാർഥികൾക്കെതിരെ നടപടിയെടുത്താൽ മതിയെന്നാണ് സ്കൂൾ അധികൃതർ സ്വീകരിച്ചിരിക്കുന്ന നിലപാട്. ദൃശ്യങ്ങളിലുള്ള പ്ലസ് ടു വിദ്യാർഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ നടപടിയുണ്ടാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അനാർക്കമലി മരയ്ക്കാർ കിടുവാണ്, പൊളിയാണ്, അസാധ്യമാണ്!! പുതിയ ലുക്കും വൻ ഹിറ്റ്
അതിനിടെ, ഉപ്പളയ്ക്ക് സമീപത്തെ ബേക്കൂർ സ്കൂളിലും സമാനരീതിയിൽ റാഗിങ് നടന്നതായി നാട്ടുകാർ ആരോപിച്ചു. ബേക്കൂർ സ്കൂളിൽ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ചെരിപ്പുകൾ കൈയിൽ തൂക്കി നടത്തിക്കുകയും നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ പല സ്കൂളുകളിലും ഇത്തരത്തിലുള്ള റാഗിങ്ങ് കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഉപ്പള സ്കൂളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണെന്നും വിദ്യാർത്ഥികളെ ഡാൻസ് കളിപ്പിക്കുകയും വേഷം കെട്ടിക്കുകയും ചെയ്യുന്നതായി വിവരമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.












Click it and Unblock the Notifications