യാത്രക്കാരന്റെ ലാപ് ടോപ് അടങ്ങിയ ബാഗ് മോഷണം പോയി; പുറകെ പോയി റെയിൽവേ പോലീസ്, ബാഗ് ഉപേക്ഷിച്ച് ഓടി കള്ളൻ
കാസർഗോഡ്; ട്രെയിൻ യാത്രക്കാരന്റെ മോഷണം പോയ ലാപ് ടോപ് അടങ്ങിയ ബാഗ് തിരിച്ച് പിടിച്ച് റെയിൽവേ പോലീസ്. പോലീസ് പിന്തുടരുന്നത് കണ്ടതോടെ മോഷ്ടാക്കൾ ബാഗ് ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ഇന്നലെ പുലർച്ചെ ചെന്നൈയിൽ നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം.
ബി2 കോച്ചിലെ യാത്രക്കാരനായ ചെന്നൈ സ്വദേശിയുടെ ലാപ് ടോപ് ഉൾപ്പെടെ അടങ്ങിയ ബാഗായിരുന്നു മോഷണം പോയത്. വണ്ടി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇതോടെ യാത്രക്കാർ ബഹളം വെയ്ക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസുകാർ മോഷ്ടാക്കളുടെ പിന്നാലെ ഓടി.

റെയിൽവേ ട്രാക്കിലൂടെ നീലേശ്വരം ഭാഗത്തേക്കായിരുന്നു മോഷ്ടാക്കൾ പോയത്. പുറകെ പോലീസും ഓടി. ഏകദേശം ഒരു കിമിയോളം പോലീസ് പിന്തുടർന്നതോടെ കള്ളൻമാർ ബാഗ് കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബാഗ് കണ്ടെത്തി.തുടർന്ന് സ്റ്റേഷനിൽ വിവരം അറിയിച്ചു. വണ്ടി കാസർഗോഡ് എത്തിയതോടെ യാത്രക്കാരനെ ഇവിടെ ഇറക്കി. മറ്റൊരു ട്രെയിനിൽ ബാഗുമായി എത്തിയ പോലീസുകാർ ഇത് യാത്രക്കാരന് കൈമാറുകയായുരുന്നു.
സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ.മുഹമ്മദ് ഫൈസൽ, സിവിൽ പൊലീസ് ഓഫിസർ കെ.എൻ.ഹിദായത്തുല്ല എന്നിവരാണ് കള്ളന് പുറകെ ഓടിയത്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സ്റ്റേഷനിലെ കാമറകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.












Click it and Unblock the Notifications