'ഷാജിയുടെ മരണം ഞെട്ടിക്കുന്നത്,ശാരീരികമായും മാനസികമായും പീഡിപ്പിച്ചു'; കെ സുധാകരൻ
കാസർഗോഡ്: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവ് പി എന്‍ ഷാജിയുടെ മരണത്തില്‍ എസ് എഫ് ഐയ്ക്കെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഷാജിയുടെ ആത്മഹത്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും നിരപരാധിയായ ഷാജിയുടെ ആത്മഹത്യയിലേക്ക് നയിച്ച എസ്എഫ്ഐയുടെ ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഷാജിയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
' കേരളാ സർവ്വകലാശാല കലോത്സവവേദിയിൽ ഉണ്ടായ മാനസിക പീഢനങ്ങളെ തുടർന്നാണ് വിധികർത്താവായിരുന്ന ഷാജി എന്ന നൃത്ത അദ്ധ്യാപകന്റെ ആത്മഹത്യ എന്നത് മന:സ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്. ഈ മരണത്തിലെ യാഥാർത്ഥ്യം പുറത്ത് കൊണ്ട് വരുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചു.

നിരപരാധിയായ ഷാജിയുടെ ആത്മഹത്യയിലേക്ക് നയിച്ച എസ്എഫ്ഐയുടെ ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കണം. എസ് എഫ് ഐ പറയുന്നതുപോലെ മത്സരഫലം തിരുത്താതിരുന്നതാണ് ആ അദ്ധ്യാപകൻ ചെയ്ത തെറ്റ് എന്ന് സഹപ്രവർത്തകർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.
കേരളത്തിൽ എവിടെ നോക്കിയാലും എസ് എഫ് ഐ ഗുണ്ടാ വിളയാട്ടവും കൊലപാതകങ്ങളുമാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. അവർ നടപ്പിലാക്കിയ സിദ്ധാർത്ഥന്റെ നിഷ്ഠൂരമായ ആൾക്കൂട്ട കൊലപാതകത്തിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല.പാർട്ടി ഗുണ്ടകളെ ഇറക്കി കേരളത്തെ കലാപഭൂമിയാക്കി എല്ലാം കൈപ്പിടിയിലാക്കാം എന്ന് സി പി എം കരുതരുത്.
കോളേജുകളിലും യൂണിവേഴ്സിറ്റികളിലും എസ് എഫ് ഐ നടത്തുന്ന കൊടിയ അക്രമങ്ങളെ അവസാനിപ്പിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഷാജിയുടെ മരണത്തിന് പിന്നിലെ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരുവാൻ ഉചിതമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാരിനോട് കെ പി സി സി ആവശ്യപ്പെടുന്നു', സുധാകരൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴ ആരോപണത്തില്‍ ചോദ്യം ചെയ്യാനിരിക്കെയായിരുന്നു സംഭവം. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണത്തിന് പിന്നാലെ ഷാജി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഷാജി പറഞ്ഞതെന്നും തന്റെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുവെന്നും ഷാജിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോ ഷാജിയെ കുടുക്കിയതാണെന്ന് സഹോദരനും ആരോപിച്ചിരുന്നു.












Click it and Unblock the Notifications