സ്കൂളിൽ ശസ്ത്ര മേളയ്ക്കിടെ പന്തൽ തകർന്ന് വീണു; 40 ഓളം പേർക്ക് പരിക്ക്, റിപ്പോർട്ട് തേടി മന്ത്രി
കാസർഗോഡ്: സ്‌കൂൾ ശാസ്ത്രമേളക്കിടെ പന്തൽ തകർന്നു പരിക്കേറ്റവരുടെ എണ്ണം 40 ആയി. മഞ്ചേശ്വരം ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരിക്കേറ്റവരിൽ ഇരുപതോളം പേർ കുട്ടികളാണ്. അപകടത്തിൽ പരിക്കേറ്റ് നാല് പേരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരെ മംഗല്‍പാടിയിലുള്ള താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ശാസ്ത്രമേളയോടനുബന്ധിച്ച് സ്‌കൂളിന് മുന്നില്‍ തകര കൊണ്ട് കെട്ടിയ ഷീറ്റ് പന്തൽ തകർന്ന് വീഴുകയായിരുന്നു. ഈ സമയം ആയിരത്തോളം കുട്ടികൾ സ്കൂളിലുണ്ടായിരുന്നു. ഉച്ച ഭക്ഷണ സമയം ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അതേസമയം അപകടത്തിൽ 5 കുട്ടികൾക്ക് തലക്ക് പരിക്കേറ്റിരുന്നു. ഇവരെയാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്.
11 പേര്‍ കെഎസ് ഹെഗ്‌ഡെ ആശുപത്രി ദര്‍ലക്കട്ടയിലും, 3 പേര്‍ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രി മംഗലാപുരത്തും , 7 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ തേടിയ ശേഷം മടങ്ങി. ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
അപകടം നടന്ന സ്ഥലത്ത് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പോലീസ് മേധാവ് ഡോ.വൈഭവ് സക്‌സേന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് എന്നിവരെത്തി. കളക്ടര്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയവരെ സന്ദര്‍ശിച്ചു.













Click it and Unblock the Notifications